അരവിന്ദ് കെജ്‌രിവാളിന്റെ വീടിന് നേരെയുള്ള ആക്രമണം; എട്ട് പേര്‍ അറസ്റ്റില്‍

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീടിന് മുന്നില്‍ അക്രമം നടത്തിയ സംഭവത്തില്‍ എട്ട് പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ പേര്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. ആറ് സംഘങ്ങളാണ് റെയ്ഡില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. കെജ്‌രിവാളിന്റെ ഔദ്യോഗിക വസതി ആക്രമിച്ച് നശിപ്പിച്ചതിനെതിരെ ആം ആദ്മി പാര്‍ട്ടി (എഎപി) എംഎല്‍എ സൗരഭ് ഭരദ്വാജ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

കെജ്‌രിവാള്‍ കശ്മീരി പണ്ഡിറ്റുകളെ അപമാനിച്ചു എന്ന് ആരോപിച്ചാണ്, ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കെജ്‌രിവാളിന്റെ വസതിക്ക് മുന്നില്‍ ഇന്നലെ പ്രതിഷേധിച്ചത്. ‘ദ കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയെക്കുറിച്ച് കെജ്‌രിവാള്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ആയിരുന്നു പ്രതിഷേധം. കശ്മീരി ഹിന്ദുക്കളുടെ വംശഹത്യയെ കെജ്‌രിവാള്‍ പരിഹസിക്കുകയാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.

സെക്യൂരിറ്റി ചെക്കിംഗ് ഉപകരണങ്ങളും സിസിടിവിയും ബിജെപി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തിരുന്നു. വസതിയിലേക്ക് കറുത്ത പെയിന്റ് എറിഞ്ഞു. പ്രതിഷേധം നടക്കുമ്പോള്‍ കെജ്‌രിവാള്‍ വസതിയിലുണ്ടായിരുന്നില്ല. 200ഓളം പേരാണ് ബിജെപി പതാകയുമേന്തി എത്തിയത്. എഴുപതോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

സംഭവത്തില്‍ പൊതുമുതല്‍ നശിപ്പിച്ചതിനടക്കമാണ് കേസെടുത്തിരിക്കുന്നത്. ഐ.പി.സി സെക്ഷന്‍ 186, 188 , 353 എന്നിവ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു.

കശ്മീരി ഫയല്‍സിന് ടാക്സ് ഒഴിവാക്കണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടപ്പോള്‍, യുട്യൂബില്‍ റിലീസ് ചെയ്യാന്‍ പറയൂ അപ്പോള്‍ എല്ലാവര്‍ക്കും കാണാമല്ലോ എന്ന് കെജ്‌രിവാള്‍ മറുപടി നല്‍കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ളവര്‍ സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. പിന്നാലെയാണ്  കെജ്‌രിവാള്‍ കശ്മീരി പണ്ഡിറ്റുകളെ അപമാനിച്ചു എന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ കെജ്‌രിവാളിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയത്

ആക്രമണത്തെയും അതിന്റെ കുറ്റവാളികളെയും സംബന്ധിച്ച് സ്വതന്ത്രവും നീതിയുക്തവും സമയബന്ധിതവുമായ അന്വേഷണം നടത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയമിക്കണമെന്ന്‌സൗരഭ് ഭരദ്വാജ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി. ബിജെപി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സൗരഭ് ഭരദ്വാജ് ഹര്‍ജിയില്‍ ആരോപിച്ചു. ഡല്‍ഹി പൊലീസിന്റെ മൗനാനുവാദത്തോടെയാണ് ഇത് നടന്നതെന്നും ആരോപണമുണ്ട്.