ചട്ടം ലംഘിച്ച് സംഭാവന കൈപ്പറ്റി;ആം ആദ്മി പാര്‍ട്ടി 30 കോടി രൂപ നികുതി നല്‍കണം

ചട്ടം ലംഘിച്ച് സംഭാവന വാങ്ങിയെന്ന കേസില്‍ ആം ആദ്മി പാര്‍ട്ടിക്ക് 30 കോടി നികുതി അടയ്ക്കണമെന്ന് ആദായ നികുതി വകുപ്പ്. ആം ആദ്മി ദേശീയ സമ്മേളനത്തില്‍ ബിജെപി സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ചതിന് തൊട്ടുപിന്നാലെയാണ് നികുതിയടക്കണമെന്ന് നികുതി വകുപ്പ് നോട്ടീസയച്ചത്. ഡിസംബര്‍ ഏഴിനകം വിഷയത്തില്‍ വിശദീകരണം നല്‍കാനും പാര്‍ട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആം ആദ്മി സ്വീകരിച്ച സംഭാവനയില്‍ വൈരുധ്യം കണ്ടെത്തിയതിനേ തുടര്‍ന്നാണ് നടപടി.

2014-15 കാലഘട്ടത്തില്‍ എഎപിക്ക് ലഭിച്ച സംഭാവനകള്‍ നിയമം ലംഘിച്ചാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് ആദായ നികുതി വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. രാഷ്ട്രീയ പാര്‍ട്ടിക്കുള്ള സംഭാവനയല്ലാത്തതിനാല്‍ നികുതി നല്‍കണം എന്നാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആദായ നികുതി വകുപ്പ് നടത്തുന്നത് രാഷ്ട്രീയ പകപോക്കലാണ് ഇത് എന്ന് ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചു.

ആദായ നികുതി വകുപ്പിന്റെ നോട്ടീസിനെ നിയമപരമായി തന്നെ നേരിടുമെന്ന് എഎപി അറിയിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ലഭിച്ച സംഭാവനയ്ക്ക് നികുതി ചുമത്തുന്നതെന്നും എഎപി ആരോപിച്ചു.