മൂഡീസ് റേറ്റിംഗിനെ സ്‌കൂള്‍ കുട്ടിയുടെ റിപ്പോര്‍ട്ടിനോട് ഉപമിച്ച് അരുണ്‍ ഷൂറി

അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസിയായ മൂഡിസിന്റെ ഏറ്റവും പുതിയ റേറ്റിംഗ് സ്കൂൾ കുട്ടികളുടെ റിപ്പോർട്ടിന് സമമാണെന്ന് മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ഷൂറി. സാമ്പത്തിക നയ രൂപീകരണ വിദഗ്ദ്ധർ ഇത്തരം റേറ്റിംഗുകളെ ഗൗരവത്തിൽ എടുക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ സാമൂഹ്യ മാധ്യമങ്ങളെ കുറിച്ചുള്ള ഒരു പുസ്‌കത്തിന്റെ പ്രകാശന വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോഡി സര്‍ക്കാരിന്റെ സാമ്പത്തിക നയ തന്ത്ര വിദഗ്ധർക്ക് സാമ്പത്തിക പരിഷ്കരണ നടപടികളെ കുറിച്ച് വ്യക്തമായ ധാരണയില്ല. ലോക ബാങ്കില്‍ നിന്നും അന്താരാഷ്ട്ര നാണയ നിധിയില്‍ നിന്നും ഇന്ത്യ വായ്പ എടുത്തിരുന്ന അവസ്ഥയല്ല ഇപ്പോള്‍ ഉള്ളത്. ഇപ്പോള്‍ ഈ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള അംഗീകാരം ആവശ്യപ്പെടുന്ന സ്ഥിതിയാണുള്ളതെന്നും എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Read more

മോഡി സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർത്തുന്ന ചുരുക്കം ബി ജെ പി നേതാക്കളിൽ ഒരാളാണ് ഷൂരി. പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം പാർട്ടിയിലോ, സർക്കാരിലോ വേണ്ടത്ര പരിഗണന കിട്ടാത്തതിന്റെ പരിഭവത്തിലാണ് മുൻ പത്രപ്രവർത്തകൻ കൂടിയായ ഷൂരി. ബി ജെ പിയിൽ സർവശക്തനായി വാഴുന്ന മോഡിക്കെതിരെ എതിർപ്പിന്റെ നേർത്ത ശബ്ദം ഉയർത്തുന്ന മൂന്ന് നേതാക്കളിൽ ഒരാളാണ് അദ്ദേഹം. മുൻ ധനമന്ത്രി യശ്വന്ത് സിൻഹ, ബി ജെ പി എം. പി ശത്രുഘൻ സിൻഹ എന്നിവരാണ് മറ്റു രണ്ടുപേർ. സര്‍ക്കാരിന്റെ സാമ്പത്തിക നയത്തിനോട് മുമ്പും ഷുറി വിമര്‍ശനപരമായ നിലപാടാണ് കൈക്കൊണ്ടിട്ടുള്ളത്.