എതിരാളികള്‍ പോലും ബഹുമാനിച്ചിരുന്ന ബി ജെ പിയുടെ കരുത്തനായ നേതാവ്

ബി ജെ പിയുടെ ശക്തരായ നേതക്കളിലൊരാളായിരുന്നു ഇന്ന് അന്തരിച്ച അരുണ്‍ ജയ്റ്റ്‌ലി. ദേശീയ രാഷ്ട്രീയത്തിലെ എല്ലാ നേതാക്കളോടും സൗഹൃദം പുലര്‍ത്തിയ ജയ്റ്റലി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ആധുനികമുഖവും സൗമ്യസാന്നിധ്യവുമായിരുന്നു. രാഷ്ട്രീയ എതിരാളികള്‍ പോലും അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് വില കല്‍പ്പിച്ചിരുന്നു. സുഷമ സ്വരാജിന്റെ അപ്രതീക്ഷിത നിര്യാണത്തിന് പിന്നാലെ ജയ്റ്റലിയും വിട വാങ്ങുന്നതോടെ കഴിവും ജനപ്രീതിയുമുള്ള രണ്ട് കരുത്തന്‍ നേതാക്കളെയാണ് ബിജെപിക്ക് നഷ്ടമാക്കുന്നത്.

ഒന്നാം മോദി സര്‍ക്കാരിൽ ധനമന്ത്രിയായിരുന്ന  ജയ്റ്റലി  ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ഇത്തവണ മന്ത്രിസഭയിലേക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ മാറ്റിമറിച്ച നോട്ട് നിരോധനവും ജിഎസ്ടിയും നടപ്പാക്കിയത് ജയ്റ്റ്‌ലി ധനമന്ത്രിയായിരുന്നപ്പോഴാണ്.

ഡൽഹി എയിംസിലും യു. എസിലെ ആശുപത്രിയിലുമായി കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ചികിത്സയിലായിരുന്നു അരുണ്‍ ജയ്റ്റ്ലി. വൃക്കയുടെ തകരാറും ആരോഗ്യനില മോശമാക്കി. ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പുള്ള ഒന്നാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിക്കാന്‍ ജയ്റ്റ്ലിക്ക് കഴിഞ്ഞിരുന്നില്ല. പിയൂഷ് ഗോയലാണ് ജയ്റ്റ്ലിക്ക് പകരക്കാരനായത്.

Image result for arun jaitley with modi

1991 മുതല്‍ ബിജെപിയുടെ സജീവ നേതൃത്വത്തിലേക്കു വന്ന അദ്ദേഹം 1999 പൊതുതെരഞ്ഞെടുപ്പ് കാലയളവില്‍ പാര്‍ട്ടി വക്താവായി. 1999ല്‍ വാജ്പേയ് മന്ത്രിസഭയില്‍ വാർത്താവിതരണ , പ്രക്ഷേപണ വകുപ്പിന്റെ സ്വതന്ത്ര് ചുമതലയുള്ള സഹമന്ത്രിയായിരുന്നു. 1999-2004 കാലയളവില്‍ വാജ്‌പേയി മന്ത്രിസഭയിലും 2014ല്‍ നരേന്ദ്ര മോദി മന്ത്രിസഭയിലും അംഗമായിരുന്ന ജയ്റ്റ്‌ലി വാര്‍ത്താ വിതരണ പ്രക്ഷേപണം, ഓഹരി വിറ്റഴിക്കല്‍, നിയമം, കമ്പനികാര്യം, വാണിജ്യം, വ്യവസായം, പ്രതിരോധം, ധനകാര്യം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. നാലുതവണ രാജ്യസഭാംഗമായിരുന്നു.

Image result for arun jaitley in parliament

2004-ല്‍ ഒന്നാം യുപിഎ സര്‍ക്കാറിന്റെ കാലത്ത് രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. 2014 ലെ പൊതുതെരഞ്ഞെടുപ്പില്‍ അമൃത് സറിൽ നിന്നു മത്സരിച്ചു തോറ്റെങ്കിലും ഒന്നാം മോദി മന്ത്രിസഭയില്‍ ധനകാര്യ വകുപ്പ് മന്ത്രിയായി. തിരഞ്ഞെടുപ്പുകളിലും ബിജെപിയുടെയും നരേന്ദ്ര മോദിയുടെ വളര്‍ച്ചക്കും നിര്‍ണായക പങ്കുവഹിച്ച ജയ്റ്റ്‌ലിക്ക് രാജ്യത്ത് ബിജെപിയുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. ക്രിക്കറ്റ് ആരാധകനായ ജയ്റ്റ്‌ലി ഏറെക്കാലം ഡൽഹി ക്രിക്കറ്റ് അസോസിയേഷനും ഭരിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ വൈസ് പ്രസിഡന്റുമായിരുന്നു.

Image result for arun jaitley with shah

1952 ഡിസംബർ 28 ന് ഡൽഹിയിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് മഹാരാജ് കിഷൻ ജെയ്റ്റ്ലി അഭിഭാഷകനായിരുന്നു. രത്തൻ പ്രഭ ജെയ്റ്റ്ലിയാണ് “അമ്മ. ഡല്‍ഹി സര്‍വകലാശാലാ വിദ്യാര്‍ഥിയായിരിക്കെയാണ് എബിവിപിയിലൂടെ ജയ്റ്റ്‌ലി രാഷ്ട്രീയരംഗത്തേക്കെത്തുന്നത്. അടിയന്തരാവസ്ഥക്കാലത്ത് 19 മാസം കരുതല്‍ തടവിലായിരുന്നു. 1977 ജനുവരിയിലാണ് ജെയ്റ്റ്ലി ജയില്‍ മോചിതനാകുന്നത്. ജനതാ പാര്‍ട്ടി രൂപീകൃതമായ ഉടന്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക് നിയോഗിക്കപ്പെട്ടു. വിദ്യാര്‍ഥി നേതാവ് എന്ന നിലയില്‍ ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച ജയ്റ്റ്ലി അക്കാലത്തെ പ്രമുഖ രാഷ്ടീയ നേതാക്കളുമായെല്ലാം ഇടപെട്ടിരുന്നു. ലാലു പ്രസാദ് യാദവ്, ശരത് യാദവ്, നിതീഷ് കുമാര്‍, പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി, പ്രകാശ് സിംഗ് ബാദല്‍, ആചാര്യ കൃപലാനി, ജോര്‍ജ് ഫെര്‍ണാണ്ടസ്, എല്‍ കെ അദ്വാനി, അടല്‍ബിഹാരി വാജ്പേയി എന്നിവരുമായൊക്കെ ഇടപഴകുകയും വ്യക്തിബന്ധങ്ങള്‍ സമ്പാദിക്കുകയും ചെയ്തിരുന്നു.

Image result for arun jaitley

1977ല്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും എല്‍എല്‍ബി ബിരുദം നേടിയ ജയ്റ്റലി, 1987 മുതല്‍ സുപ്രീംകോടതിയിലും വിവിധ ഹൈക്കോടതികളിലും അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു.  1989ല്‍ വി.പി.സിങ്ങിന്റെ കാലത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയി. 1991 മുതല്‍ ബിജെപി ദേശീയ നിര്‍വാഹകസമിതിയില്‍ അംഗമായി. കൊക്കക്കോളയ്ക്കെതിരായ പെപ്സികോ പോലുള്ള വമ്പന്‍ ബഹുരാഷ്ട്ര കോര്‍പ്പറേഷനുകള്‍ക്കുവേണ്ടിയും ഇന്ത്യയിലെ മറ്റ് പല കോർപറേറ്റ് കേസുകളിലും ജെയ്റ്റ്ലി ഹാജരായി. 2002ല്‍ മനാലി-റോഹ്താങ് പാതയില്‍ പാരിസ്ഥിതികമായി ദുര്‍ബലമായ പാറകളില്‍ പരസ്യം വരച്ചതിന് 8 കമ്പനികള്‍ക്ക് സുപ്രീം കോടതി  കര്‍ശന പിഴ ചുമത്തുകയും ചെയ്ത കേസില്‍ പെപ്‌സിയെ പ്രതിനിധീകരിച്ചിരുന്നു. 2004 ല്‍  രാജസ്ഥാന്‍ ഹൈക്കോടതിയിലെ ഒരു കേസില്‍ കൊക്കക്കോളയ്ക്ക് വേണ്ടി ജെയ്റ്റ്ലി ഹാജരായി. നിയമം, സമകാലിക വിഷയങ്ങൾ എന്നിവയെ ആസ്പദമാക്കി  നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.

1982 ലാണ് അദ്ദേഹം വിവാഹിതനായത്. സംഗീത ജെയ്റ്റ്ലിയാണ് ഭാര്യ. സോണാലി ജെയ്റ്റ്ലി ബക്ഷി മകളും രോഹൻ ജെയ്റ്റ്ലി മകനുമാണ്.