പശുക്കളില്‍ കൃത്രിമ ബീജസങ്കലനം നടത്തുന്നത് ഇന്ത്യയില്‍ ആള്‍ക്കൂട്ട കൊലപാതകം ഇല്ലാതാക്കും; പുതിയ വാദവുമായി കേന്ദ്രമന്ത്രി

രാജ്യത്തെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ പശുക്കളില്‍ നൂറു ശതമാനം കൃത്രിമ ബീജസങ്കലനം നടത്തിയാല്‍ മതിയെന്ന് കേന്ദ്ര മുഗസംരക്ഷണ വകുപ്പ് മന്ത്രി ഗിരിരാജ് സിംഗ്. 2025- ഓടെ ഇത് പ്രാവര്‍ത്തികമാകുമെന്നും അതോടെ ആള്‍ക്കൂട്ട കൊലപാതകം അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കശാപ്പ് നിരോധനവും ആധുനിക കൃഷിരീതിയും കാരണം അലഞ്ഞു തിരിയുന്ന കാലികളുടെ എണ്ണം കൂടിയിട്ടുണ്ട്. കാളകളാണ് ഇത്തരത്തില്‍ അലഞ്ഞു തിരിയുന്നത്. ആരോഗ്യം നശിക്കുന്നതു വരെ പശുക്കളെ വിലമതിപ്പോടെയാണ് കര്‍ഷകര്‍ കാണുന്നത്. എന്നാല്‍ കാളകളെ കര്‍ഷകര്‍ ഉപേക്ഷിച്ചു പോകുകയാണ്. ഇത് ആള്‍ക്കൂട്ട ആക്രമണത്തിന് കാരണമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തുടനീളം നിരവധി ആള്‍ക്കൂട്ട ആക്രമണങ്ങളാണ് കുറഞ്ഞ കാലത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പശുസംരക്ഷണത്തിനായി മുറവിളി കൂട്ടുന്നവരുടെ എണ്ണം മോദി സര്‍ക്കാരിന്റെ കാലത്ത് വര്‍ദ്ധിച്ചു വരികയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം നിലനില്‍ക്കേയാണ് കേന്ദ്ര മന്ത്രിയുടെ പ്രസ്താവന.