ഗോസ്വാമി മാന്യനായ പൗരന്‍; കോടതികളെ ബഹുമാനിക്കും; അനുസരണക്കേട് കാണിക്കില്ല; കോടതിയലക്ഷ്യ കേസില്‍ നിരുപാധികം മാപ്പ് പറഞ്ഞ് അര്‍ണബ് ഗോസ്വാമി

കേസ് നടപടികള്‍ അവസാനിപ്പിക്കാന്‍ കേടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞ് റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി. അന്തരിച്ച പരിസ്ഥിതി പ്രവര്‍ത്തകനും എനര്‍ജി ആന്‍ഡ് റിസോഴ്സസ് ഇന്‍സ്റ്റിറ്റ്യൂട്ട് (ടിഇആര്‍ഐ) മുന്‍ മേധാവിയുമായ ആര്‍. പച്ചൗരി ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഗോസ്വാമി മാപ്പ് പറഞ്ഞത്. ടൈംസ് നൗവില്‍ ജോലി ചെയ്യുമ്പോള്‍ എടുത്ത കേസിലാണ് അര്‍ണാബ് ഇപ്പോള്‍ മാറ്റ് പറഞ്ഞത്. 2016ലാണ് കേസ് ഫയല്‍ ചെയ്യുന്നത്. തുടര്‍ന്ന് ചാനല്‍ വിട്ട് അര്‍ണാബ് റിപ്പബ്ലിക്ക് ടിവി സ്ഥാപിച്ചപ്പോഴും കേസിന്റെ നടപടികള്‍ തുടര്‍ന്നുകൊണ്ടിരുന്നു.

പച്ചൗരിക്കെതിരെ ഉയര്‍ന്ന ലൈംഗികാതിക്രമ ആരോപണം സംബന്ധിച്ച് വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത് കോടതി ഉത്തരവിലൂടെ വിലക്കിയിരുന്നു. എന്നാല്‍, ഈ ഉത്തരവ് അര്‍ണബ് അടക്കമമുള്ള നിരവധി മാധ്യമ പ്രവര്‍ത്തകരും മാധ്യമസ്ഥാപനങ്ങളും ലംഘിച്ചിരുന്നു. ഇതിന്റെ അടക്കം തെളിവുകള്‍ ചൂണ്ടിക്കാട്ടി പച്ചൗരി 2016 ഫെബ്രുവരിയിലാണ് കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചത്. തുടര്‍ന്ന് ഈ കേസിന്റെ അന്തിമ വിധി പറയാന്‍ അടുക്കുമ്പോഴാണ് അര്‍ണാബ് കോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞിരിക്കുന്നത്.

ബഹുമാനപ്പെട്ട കോടതി ക്ഷമാപണം സ്വീകരിച്ച് തനിക്കെതിരായ നടപടികള്‍ ഉടനടി അവസാനിപ്പിക്കാനും ദയയുണ്ടാകണമെന്ന് അപേക്ഷിക്കുന്നു?’ എന്നാണ് അര്‍ണബ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുള്ളത്. ഗോസ്വാമി മാന്യനായ പൗരനാണെന്നും നിയമം അനുസരിക്കുകയും എല്ലാ കോടതികളെയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നും അതില്‍ പറയുന്നു. ഈ കോടതിയുടെ ഉത്തരവുകള്‍ മനഃപൂര്‍വം അനുസരിക്കാത്ത, അനുസരണക്കേട് കാണിക്കുന്ന ഒരു പ്രവൃത്തിയും ചെയ്യാന്‍ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല.

Read more

ബഹുമാനപ്പെട്ട കോടതി 18.02.2015-ന് പുറപ്പെടുവിച്ച സി.എസ് (ഒഎസ്) 425 ഉത്തരവിന്റെ പരിധിയില്‍ വരില്ല എന്ന ഉത്തമ വിശ്വാസത്തിലാണ് ആരോപണവിധേയമായ വാര്‍ത്ത ഞാന്‍ സംപ്രേക്ഷണം ചെയ്തതെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. നിയമനടപടികള്‍ അവസാനിപ്പിക്കാന്‍ കോടതിക്ക് മുന്നില്‍ മാപ്പ് പറയാന്‍ താന്‍ തയാറാണെന്ന് വ്യക്തമാക്കിയ അര്‍ണാബ് സത്യവാങ്മൂലം നല്‍കുകയായിരുന്നു. 2020 പച്ചൗരി അന്തരിച്ചെങ്കിലും കോടതി നടപടികള്‍ തുടര്‍ന്നിരുന്നു.