ഗുര്‍ദാസ്പൂരില്‍ സണ്ണി ലിയോണ്‍ മുമ്പിലെന്ന് അര്‍ണബ് ഗോസ്വാമി; മറുപടിയുമായി സാക്ഷാല്‍ സണ്ണി ലിയോണ്‍

ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ റിപ്പബ്ളിക് ടി.വി അവതാരകന്‍ അര്‍ണബ് ഗോസ്വാമിയ്ക്ക് സംഭവിച്ച അബദ്ധം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ. സണ്ണി ഡിയോള്‍ എന്നതിനു പകരം സണ്ണി ലിയോണ്‍ എന്ന് പറഞ്ഞതാണ് ട്രോളുകള്‍ക്ക് കാരണമായത്.

പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ നിന്നും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സണ്ണി ഡിയോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുനില്‍ ജാഖറിനേക്കാള്‍ ലീഡ് നേടിയതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതിനിടെയാണ് അര്‍ണബിന് അബദ്ധം പിണഞ്ഞത്.

സണ്ണി ഡിയോള്‍ മുന്നിട്ടു നില്‍ക്കുന്നു എന്നതിനു പകരം സണ്ണി ലിയോണ്‍ മുന്നിട്ടു നില്‍ക്കുന്നു എന്നാണ് അര്‍ണബ് ഗോസ്വാമി പറഞ്ഞത്. അര്‍ണബിന്റെ അബദ്ധം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ താന്‍ എത്ര വോട്ടിനാണ് മുന്നിട്ടു നില്‍ക്കുന്നതെന്ന് ചോദിച്ച് സണ്ണി ലിയോണ്‍ ട്വീറ്റ് ചെയ്തു.