കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിനായുള്ള അനുമതിക്ക് അപേക്ഷ നൽകുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്

ഓക്സ്ഫോർഡ് സർവകലാശാലയും ഫാർമ ഭീമനായ ആസ്ട്രാസെനെക്കയും വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് വാക്സിന്റെ അടിയന്തര ഉപയോഗത്തിനായി രണ്ടാഴ്ചയ്ക്കുള്ളിൽ അനുമതി തേടുമെന്ന്  സെറം ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി മേധാവി അദർ പൂനവല്ലയാണ് ഇക്കാര്യം അറിയിച്ചത്.

“ഇപ്പോഴുള്ള കണക്കനുസരിച്ച്, സർക്കാർ എത്ര ഡോസുകൾ വാങ്ങും എന്നതിനെക്കുറിച്ച് ഇന്ത്യാ സർക്കാരുമായി രേഖാമൂലം ധാരണയായിട്ടില്ല, എന്നാൽ 2021 ജൂലൈയിൽ ഇത് 300-400 ദശലക്ഷം ഡോസായിരിക്കുമെന്നാണ് സൂചന, അടിയന്തര ഉപയോഗത്തിനായി അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ അപേക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ്,” അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കൊറോണ വൈറസ് വാക്‌സിൻ വികസനവും നിർമ്മാണ പ്രക്രിയയും വ്യക്തിപരമായി അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി മോദി ഇന്ത്യയിലെ മികച്ച വാക്‌സിൻ കേന്ദ്രങ്ങൾ സന്ദർശിച്ചു. “പൗരന്മാർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാനുള്ള ഇന്ത്യയുടെ ശ്രമത്തിന്റെ ഭാഗമായുള്ള തയ്യാറെടുപ്പുകൾ, വെല്ലുവിളികൾ, മുന്നോട്ടുള്ള വഴി എന്നിവയെക്കുറിച്ച് മനസ്സിലാക്കാൻ വേണ്ടിയാണ് ഈ സന്ദർശനം” എന്ന് പ്രധാനമന്ത്രി മോദിയുടെ ഓഫീസ് അറിയിച്ചു.