എന്തെങ്കിലും അറിയാനുണ്ടെങ്കില്‍ എനിക്ക് അറിയണം എന്നു പറയണം, അല്ലാതെ നേഷന്‍ വാണ്‍ട്‌സ് ടു നോ എന്നല്ല; അര്‍ണബിനെ പരിഹസിച്ചുള്ള അപര്‍ണസെന്നിന്റെ ട്വീറ്റിനെ പിന്തുണച്ച് സോഷ്യല്‍ മീഡിയ

അര്‍ണബ് ഗോസ്വാമിയെ ട്രോളിയ ബോളിവുഡ് സംവിധായിക അപര്‍ണാ സെന്നിന്റെ പോസ്റ്റിന് പിന്തുണയുമായി സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ അപര്‍ണസെന്നിനോട് ഒന്നിനു പിറകെ ഒന്നായി ചോദ്യങ്ങള്‍ ചോദിച്ച അര്‍ണബിനെ പരിഹസിച്ചു കൊണ്ടായിരുന്നു അപര്‍ണ സെന്നിന്റെ ട്വീറ്റ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആള്‍ക്കൂട്ട മര്‍ദ്ദനത്തിനെതിരെ കത്തെഴുതിയ സംഭവത്തെ കുറിച്ച് വിശദീകരിക്കാന്‍ വേണ്ടിയായിരുന്നു അപര്‍ണ സെന്നിന്റെ വാര്‍ത്താസമ്മേളനം. ഇതിനിടെ ലൈവ് ടെലഫോണ്‍ കോളിലെത്തിയ അര്‍ണബ് അപര്‍ണാ സെന്നിനോട് ഇടതടവില്ലാതെ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടിരുന്നു.

കശ്മീരില്‍ ജാമിയ മസ്ജിദ് പള്ളിയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അയൂബ് പണ്ഡിറ്റിനെ ജനക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയപ്പോള്‍ താങ്കള്‍ എവിടെയായിരുന്നു എന്നായിരുന്നു അര്‍ണബിന്റെ ആദ്യ ചോദ്യം. ജയ് ശ്രീറാം വിളിച്ചതിന്റെ പേരില്‍ 26 കാരനായ കൃഷ്ണദേവ് എന്ന യുവാവിനെ കൊലപ്പെടുത്തിയപ്പോള്‍ താങ്കള്‍ എവിടെയായിരുന്നു എന്നായിരുന്നു അടുത്ത ചോദ്യം. ഇതിന് മറുപടി പറയാനായി അപര്‍ണാ സെന്‍ തയ്യാറെടുത്തെങ്കിലും അര്‍ണബ് ചോദ്യം നിര്‍ത്തിയില്ല. മതപരമായ കാരണങ്ങള്‍ കൊണ്ട് സിനിമാ അഭിനയത്തില്‍ നിന്നും പിന്‍മാറുകയാണെന്ന് സൈറാ വസീം പറഞ്ഞപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു? ജയ് ശ്രീരാം വിളിച്ചതിന് യുവാവിനെ മര്‍ദ്ദിച്ചുകൊന്നപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു? മറുപടി പറയൂ. നിങ്ങളെ ലോകം കണ്ടുകൊണ്ടിരിക്കുകയാണ്. നിങ്ങള്‍ ലൈവിലാണ് ഇരിക്കുന്നത് ലോകം നിങ്ങളെ കാണുന്നു എന്നെല്ലാം പറഞ്ഞ് ഒരു സെക്കന്റ് സമയം പോലും നല്‍കാതെയായിരുന്നു അര്‍ണബിന്റെ ആക്രോശം.

മറുപടി ആഗ്രഹിച്ചല്ല അര്‍ണബിന്റെ ചോദ്യമെന്ന് മനസിലാക്കി അപര്‍ണ സെന്‍ വാര്‍ത്താസമ്മേളനത്തില്‍ മറ്റ് ചോദ്യങ്ങള്‍ക്ക് മറുപടി പറയാനും ആരംഭിച്ചു. എന്നാല്‍ അര്‍ണബിന്റെ ഉച്ചത്തിലുള്ള ആക്രോശം കൊണ്ട് മറ്റ് റിപ്പോര്‍ട്ടര്‍മാര്‍ ചോദിക്കുന്ന പലചോദ്യങ്ങളും കേള്‍ക്കാന്‍ അപര്‍ണാ സെന്നിന് സാധിച്ചിരുന്നില്ല.

എന്നാല്‍ അര്‍ണബ് അവസാനിപ്പിക്കില്ലെന്ന് കണ്ടതോടെ അപര്‍ണാ സെന്‍ സംസാരം തുടരുകയായിരുന്നു. ഇതിന് പിന്നാലെയാണ് അര്‍ണബിനെ പരിഹസിച്ചു കൊണ്ട് അപര്‍ണ ട്വീറ്റ് ചെയ്തത്.

‘ഒരു പത്രപ്രവര്‍ത്തകനുമായുള്ള സാങ്കല്‍പ്പിക സംഭാഷണം: ജേണലിസ്റ്റ്: ഹിന്ദുക്കള്‍ക്ക് മേല്‍ ജസിയ നികുതി( ഇസ്ലാമിക രാജ്യത്ത് താമസിക്കുന്ന അമുസ്ലിങ്ങള്‍ കൊടുക്കേണ്ടതായ നികുതി) ചുമത്തിയപ്പോള്‍ താങ്കള്‍ എവിടെയായിരുന്നു?

ഞാന്‍: അത് പക്ഷേ ഔറംഗസീബിന്റെ കാലത്തായിരുന്നു.

ജേണലിസ്റ്റ്: പിന്നെ എന്തിനാണ് നിങ്ങള്‍ മൗനം പാലിച്ചത്? എനിക്ക് മറുപടി നല്‍കൂ! രാഷ്ട്രം അറിയാന്‍ ആഗ്രഹിക്കുന്നു!’.- എന്നായിരുന്നു അപര്‍ണാ സെന്‍ ട്വിറ്ററില്‍ കുറിച്ചത്. ഇതിന് പിന്നാലെ നിരവധി പേരാണ് അപര്‍ണാ സെന്നിനെ പിന്തുണച്ച് എത്തിയത്.