സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്ര കുത്തുന്ന സാഹചര്യമാണിപ്പോളുള്ളത്: ഷബാന ആസ്മി

സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്ര കുത്തുന്ന സാഹചര്യമാണിപ്പോളുള്ളതെന്ന് നടി ഷബാന ആസ്മി. ഇന്‍ഡോറില്‍ ആനന്ദ് മോഹന്‍ മാത്തുര്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ കുന്തി മാത്തുര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അവര്‍.

“തെറ്റുകളേയും കുറ്റങ്ങളേയും ചൂണ്ടിക്കാണിക്കേണ്ടത് നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്ക് ആവശ്യമാണ്. അങ്ങനെ ചെയ്തില്ലെങ്കില്‍ എങ്ങനെ നമ്മുടെ സ്ഥിതി മെച്ചപ്പെടും. എന്നാല്‍ സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ നാം രാജ്യദ്രോഹികളായി മുദ്ര കുത്തപ്പെടുന്ന സാഹചര്യമാണിപ്പോളുള്ളത്.” രാഷ്ട്രീയ പാര്‍ട്ടികളുടെ പേരെടുത്തു പറയാതെ ഷബാന പറഞ്ഞു.

“ഭയപ്പെടാന്‍ പാടില്ല, ആര്‍ക്കും അവരുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ഈ സാഹചര്യത്തോട് നാം പോരാടണം. അതിനു മുന്നില്‍ മുട്ട് വളക്കരുത്. മനോഹരമായ രാജ്യമാണ് ഇന്ത്യ. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഏത് ശ്രമവും രാജ്യത്തിന് ഗുണകരമല്ല.” ഷബാന പറഞ്ഞു.