ജെ.പി നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം; അന്വേഷണത്തിന് ഉത്തരവിട്ട് അമിത് ഷാ

പശ്ചിമ ബംഗാളിൽ ബിജെപി അദ്ധ്യക്ഷൻ ജെ പി നദ്ദയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ ആഭ്യന്തരമന്ത്രി അമിത് ഷാ ഉത്തരവിട്ടു. സംസ്ഥാനത്തെ ക്രമസമാധാനത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് ഗവർണറോട് ആവശ്യപ്പെട്ടു.

സംസ്ഥാനം സമ്പൂർണ അധാർമ്മികതയിലേക്കും അരാജകത്വത്തിലേക്കും വഴുതി വീഴുകയാണെന്ന് ബിജെപി ആരോപിച്ചതിനെ തുടർന്ന് 12 മണിക്കൂറിനുള്ളിൽ ആഭ്യന്തര മന്ത്രാലയം ബംഗാൾ ഭരണകൂടത്തിൽ നിന്ന് രണ്ട് റിപ്പോർട്ടുകൾ ആവശ്യപ്പെട്ടു.

ബംഗാളിന്റെ തലസ്ഥാനമായ കൊൽക്കത്തയിൽ നിന്ന് 60 കിലോമീറ്റർ ദൂരെയാണ് ബിജെപി അദ്ധ്യക്ഷന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടന്നത്. ബംഗാൾ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസാണ് ആക്രമിച്ചത് എന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജിയുടെ പാർലമെന്റ് മണ്ഡലമായ ഡയമണ്ട് ഹാർബറിൽ പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്നു നദ്ദ.

നദ്ദയുടെ വാഹനവ്യൂഹത്തിലെ കാറുകള്‍ക്കും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവർഗിയ സഞ്ചരിച്ച കാറിന് നേരെയുമാണ് കല്ലേറുണ്ടായത്. ബി.ജെ.പി നേതാക്കള്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ നദ്ദയുടെ അകമ്പടി വാഹനത്തിന്റെ മുന്‍വശത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.