"ക്രിസ്‌തുമസിന് ശേഷം": പൗരത്വ നിയമം സംബന്ധിച്ച മേഘാലയയുടെ ആശങ്കകൾ പരിശോധിക്കുമെന്ന് അമിത് ഷാ

കഴിഞ്ഞ ദിവസം പാസാക്കിയ പൗരത്വ നിയമവുമായി ബന്ധപ്പെട്ട് മേഘാലയയുടെ ആശങ്കകൾ പരിശോധിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പ് നൽകിയതായി സംസ്ഥാന മുഖ്യമന്ത്രി കോൺറാഡ് സാങ്മ പറഞ്ഞു. നിയമത്തിനെതിരെ വ്യാപകമായ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ച വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലൊന്നാണ് മേഘാലയ. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള അമുസ്ലിം കുടിയേറ്റക്കാർക്ക് പൗരത്വം സുഗമമാക്കുന്നതിന് വേണ്ടിയുള്ള നിയമത്തിന്റെ പ്രയോഗത്തിൽ ജനങ്ങൾക്ക് വലിയരീതിയിലുള്ള ആശങ്കകളുണ്ട്. ഇത് സംസ്ഥാനത്തിന്റെ ഗോത്ര ജനസംഖ്യയെ ദുർബലപ്പെടുത്തുമെന്നാണ് പ്രതിഷേധക്കാർ അഭിപ്രായപ്പെടുന്നത്. സംസ്ഥാന തലസ്ഥാനമായ ഷില്ലോങ്ങിലും മറ്റ് പ്രദേശങ്ങളിലും വ്യാപകമായ പ്രതിഷേധങ്ങൾക്കും അക്രമങ്ങൾക്കും ശേഷം, സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും രാഴ്ചയായി കർഫ്യൂവിലാണ്.

“മേഘാലയയിൽ പ്രശ്നമുണ്ടെന്ന് സാങ്മയും കൂട്ടരും പറഞ്ഞു. ഒരു പ്രശ്നവുമില്ലെന്ന് അവരെ മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചു. എന്നിട്ടും, അവർ എന്നോട് പൗരത്വ നിയമത്തിൽ മാറ്റം വരുത്താൻ ആവശ്യപ്പെട്ടു, ” ഝാർഖണ്ഡിൽ നടന്ന ഒരു തിരഞ്ഞെടുപ്പ് റാലിയിൽ അമിത് ഷാ പറഞ്ഞു. “ക്രിസ്മസ് കഴിഞ്ഞ് വെറുതെയിരിക്കുമ്പോൾ എന്റെ അടുത്ത് വരാൻ ഞാൻ സാങ്മയോട് ആവശ്യപ്പെട്ടു, മേഘാലയയ്ക്ക് പരിഹാരത്തിനായി ക്രിയാത്മകമായി ചിന്തിക്കാൻ ഞങ്ങൾക്ക് കഴിയും. ഭയപ്പെടേണ്ട കാര്യമില്ല,” അദ്ദേഹം പറഞ്ഞു.

പൗരത്വ (ഭേദഗതി) നിയമം രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് ഒപ്പിട്ട് ഒരു ദിവസത്തിന് ശേഷം വെള്ളിയാഴ്ച ആയിരക്കണക്കിന് ആളുകൾ രാജ്യത്തിൻറെ പല ഭാഗങ്ങളിലും പ്രതിഷേധിച്ച് തെരുവിലിറങ്ങി.