ജമ്മു കാശ്‌മീർ പ്രതിസന്ധി: അമിത് ഷാ സുരക്ഷാ മേധാവികളുമായി കൂടിക്കാഴ്ച നടത്തി

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ, ഇന്റലിജൻസ് ബ്യൂറോ ചീഫ് അരവിന്ദ് കുമാർ, “റോ”യുടെ (ഗവേഷണ, വിശകലന വിഭാഗം) സമന്ത് ഗോയൽ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗബ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഫെബ്രുവരിയിൽ പുൽവാമയിൽ നടന്ന ആക്രമണത്തിന് സമാനമായി ആക്രമണം നടത്താൻ തീവ്രവാദികൾ ഒന്നിലധികം നുഴഞ്ഞുകയറ്റ ശ്രമങ്ങൾ നടത്തിയതായി രഹസ്യാന്വേഷണ റിപ്പോർട്ടുകൾ വന്ന പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച എന്നാണ് സൂചന.

സുരക്ഷാ ഭീഷണി ഉണ്ടെന്ന കാരണത്താൽ പതിവിൽ കൂടുതൽ അര്‍ദ്ധസൈനിക വിഭാഗത്തെ കഴിഞ്ഞ ദിവസം കശ്മീർ മേഖലയിൽ കേന്ദ്രം വിന്യസിച്ചിരുന്നു. അമർനാഥ് തീർത്ഥാടകരോടും വിനോദ സഞ്ചാരികളോടും ഉടൻ സംസ്ഥാനം വിട്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് കശ്മീരിൽ സംഘർഷം ഉടലെടുക്കുകയും ജനങ്ങൾക്കിടയിൽ വലിയ തോതിലുള്ള പരിഭ്രത്തി പരക്കുകയും ചെയ്തിട്ടുണ്ട്.

ഇതിനിടെ ജമ്മു കശ്മീരിലെ കെരൺ മേഖലയിൽ പാകിസ്ഥാന്റെ ബി.എ.ടി സൈന്യം നടത്തിയ നുഴഞ്ഞുകയറ്റ ശ്രമം ഇന്നലെ ഇന്ത്യൻ പട്ടാളക്കാർ പരാജയപ്പെടുത്തിയിരുന്നു. ബി.എ.ടി സൈനികരെയും തീവ്രവാദികളെയും ഉൾപ്പെടെ ഏഴ് പേരെ വധിച്ചതായാണ് ഇന്ത്യൻ സൈന്യം അവകാശപ്പെടുന്നത്.

അതേസമയം ജമ്മു കശ്മീരിന് പ്രത്യേക അധികാരങ്ങൾ നൽകുന്ന 370, സംസ്ഥാനത്തെ സ്ഥിരം പൗരൻമാർക്ക് പ്രത്യേക അവകാശങ്ങൾ നൽകുന്ന 35 -എ എന്നീ ഭരണഘടനാ അനുച്ഛേദങ്ങൾ എടുത്തു കളയാനുള്ള ബി.ജെ.പി സർക്കാരിന്റെ നീക്കത്തിന്‌ മുന്നോടിയായിട്ടാണ് കാശ്മീരിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചിരിക്കുന്നത് എന്ന വാദം ശക്തമാണ്. എന്നാൽ അത്തരത്തിൽ ഭരണഘടനയിൽ മാറ്റങ്ങൾ കൊണ്ടുവരാനുള്ള നീക്കങ്ങളെക്കുറിച്ച്‌ അറിയില്ല എന്നാണ് ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക് വ്യക്തമാക്കുന്നത്.

Read more

പാർലമെന്റ് സമ്മേളനം അവസാനിച്ച ശേഷം അടുത്തയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കശ്മീർ സന്ദർശിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഇത് സംബന്ധിച്ച് ഇതുവരെ കേന്ദ്രത്തിൽ നിന്ന് നേരിട്ടുള്ള പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ല.