പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലെ റെയ്ഡ് വിലയിരുത്തി അമിത് ഷാ; മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി; നിര്‍ണായകം

രാജ്യത്തെ പതിനൊന്ന് സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ നടന്ന എന്‍ഐഎ റെയ്ഡുകള്‍ വിലയിരുത്തി ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. ദേശീയ സുരക്ഷ എന്‍ഐഎ ഡിജി ദിന്‍കര്‍ ഗുപ്തയും ഉപദേഷ്ടാവ് അജിത് ഡോവല്‍, അമിത് ഷായെ സന്ദര്‍ശിച്ച് സ്ഥിതിഗതികളറിയിച്ചു.  നടപടികളുടെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ അമിത് ഷായ്ക്ക് കൈമാറി.

പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും നടന്ന പരിശോധനക്ക് പിന്നാലെ എന്‍ഐഎ ആസ്ഥാനത്ത് അതീവ സുരക്ഷയണൊരുക്കിയത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും അറസ്റ്റ് ചെയ്ത നേതാക്കളെ ഡല്‍ഹിയിലെ എന്‍ഐഎ ആസ്ഥാനത്തേക്ക് കൊണ്ടുവന്നേക്കുമെന്നാണ് വിലയിരുത്തല്‍.

കേരളം ഉള്‍പ്പടെ രാജ്യത്തെ പത്ത് സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീട്ടിലുമായി പുലര്‍ച്ചെ മുതല്‍ എന്‍ഐഎ നടത്തിയ റെയ്ഡ്. കേരളത്തിനുപുറമെ തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന, യുപി തുടങ്ങിയ ഇടങ്ങളിലുമാണ് റെയ്ഡ്. ഇഡിയുമായി ചേര്‍ന്നാണ് പരിശോധന.

റെയ്ഡില്‍ നേതാക്കളടക്കം നൂറ് പേരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. പോപ്പുലര്‍ഫ്രണ്ട് ദേശീയ ചെയര്‍മാന്‍, ദേശീയ സെക്രട്ടറി, സംസ്ഥാനപ്രസിഡന്റ് എന്നിവരെ മലപ്പുറത്തുനിന്ന് കസ്റ്റഡിയിലെടുത്തു. സംസ്ഥാനകമ്മിറ്റി ഓഫീസിലെ മുന്‍ അക്കൗണ്ടന്റിനേയും മലപ്പുറത്തുനിന്ന് കസ്റ്റഡിയിലെടുത്തു.

പോപ്പുലര്‍ഫ്രണ്ട് സംസ്ഥാനസമിതി അംഗത്തേയും എസ്ഡിപിഐ സംസ്ഥാനസെക്രട്ടറിയേയും തൃശൂരില്‍ നിന്നും എസ്ഡിപിഐ ജില്ലാനേതാക്കളടക്കം മൂന്നുപേരെ കോട്ടയം ജില്ലയില്‍നിന്നും കസ്റ്റഡിയിലെടുത്തു. കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫിസിലും ജില്ലാ കമ്മിറ്റി ഓഫിസുകളിലും നടത്തിയ പരിശോധനയില്‍ നാല് മൊബൈലും പെന്‍ഡ്രൈവും ലഘുലേഖകളും പിടിച്ചെടുത്തു.

Read more

റെയ്ഡിനെതിരെ പലയിടത്തും പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ട്. റെയ്ഡില്‍ പ്രതികരിച്ച് എസ്ഡിപിഐ സംസ്ഥാന നേതൃത്വം വാര്‍ത്താകുറിപ്പ് പുറത്തിറക്കി. പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ഐഎ, ഇഡി എന്നീ കേന്ദ്ര ഏജന്‍സികള്‍ അര്‍ദ്ധരാത്രി തുടങ്ങിയ റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് എസ്ഡിപിഐ പറയുന്നു.