ബി. ആർ അംബേദ്കറുടെ മുംബൈയിലെ വസതിക്ക് നേരെ ആക്രമണം; സി.സി.ടി.വി നശിപ്പിക്കാനും ശ്രമം

ഭരണഘടനാ ശില്‍പി ഡോക്ടർ ബി ആർ അംബേദ്കറുടെ മുംബൈയിലെ വസതിക്ക് നേരെ ആക്രമണം. മുംബൈ ദാദറിലുള്ള “രാജഗൃഹം” എന്ന സ്മാരക മന്ദിരമാണ് ആക്രമിക്കപ്പെട്ടത്. മന്ദിരത്തിന് മുന്നിലെ ചെടിച്ചട്ടികൾ നശിപ്പിച്ച അക്രമികൾ സിസിടിവി ക്യാമറ തകർക്കാനും ശ്രമിച്ചു.

അംബേദ്‌കർ സ്മാരക മ്യൂസിയം അടക്കം പ്രവർത്തിക്കുന്ന മൂന്ന് നില കെട്ടിടമാണ് ആക്രമിക്കപ്പെട്ടത്. ഒരു സംഘം മദ്യപാനികളാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്താൻ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് ഉത്തരവിട്ടു.

ആക്രമണത്തിന്‍റെ പേരിൽ ആരും പ്രകോപനത്തിന് മുതിരരുതെന്ന് അംബേദ്കറുടെ ചെറുമകൻ പ്രകാശ് അംബേദ്‌കർ ആഹ്വനം ചെയ്തു.

മുംബൈയിൽ സ്ഥിരതാമസമാക്കിയതോടെ 1930-ലാണ് അംബേദ്ക്കർ ഈ മൂന്നുനില കെട്ടിടം പണികഴിപ്പിച്ചത്.