സി.എ.എ പ്രതിഷേധം; കണ്ണന്‍ ഗോപിനാഥനെ യു.പി പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധ പരിപാടിക്കെത്തിയ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെ യു.പി പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. പ്രതിഷേധ പരിപാടിക്കായി അലഹബാദ് വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്.

ഓള്‍ ഇന്ത്യ പീപ്പിള്‍സ് ഫോറം സംഘടിപ്പിക്കുന്ന പരിപാടിയുടെ മുഖ്യാതിഥിയായിരുന്നു കണ്ണന്‍ ഗോപിനാഥന്‍. നേരത്തെയും പ്രതിഷേധ പരിപാടിക്കെത്തിയ കണ്ണന്‍ ഗോപിനാഥിനെ യു.പി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ജനുവരി 4ന് അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ പൗരത്വ (ഭേദഗതി) നിയമത്തിനെതിരായ പ്രകടനത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ് ഗോപിനാഥനെ പൊലീസ് ആഗ്രയില്‍ തടഞ്ഞുവച്ചത്. തുടര്‍ന്ന് എട്ടുമണിക്കൂര്‍ കസ്റ്റഡിയില്‍ വച്ച ശേഷം യു.പി ബോഡര്‍ കടത്തി വിടുകയായിരുന്നു.