
ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവിനെ വിമാനത്താവളത്തില്‍ തടഞ്ഞ് യുപി പൊലീസ്. അലഹബാദ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥി യൂണിയന്റെ പരിപാടിയില്‍ പങ്കെടുക്കാനായി പോകാന്‍ ലക്നൗവിലെ ചൗധരി ചരണ്‍ സിങ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു അഖിലേഷിനെ പൊലീസ് ബലം പ്രയോഗിച്ച് തടഞ്ഞുവെച്ചത്.

രേഖാമൂലമുള്ള ഉത്തരവുകളൊന്നും ഇല്ലാതെയാണ് പൊലീസ് തന്നെ തടഞ്ഞതെന്ന് അഖിലേഷ് ആരോപിച്ചു. അഖിലേഷ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ സംഭവത്തിന്റെ ദൃശ്യം പുറത്ത് വിട്ടു. പൊലീസ് തന്നെ തടഞ്ഞുവെയ്ക്കുന്നതും അദ്ദേഹം ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതുമായ ചിത്രമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
വിദ്യാര്‍ഥികളുടെ പരിപാടിയില്‍ താന്‍ പങ്കെടുക്കുന്നത് ഗവണ്മെന്റിനെ ഭയപ്പെടുത്തുന്നുണ്ട്. അവരുമായി സംവധിക്കാതിരിക്കാനാണ് തന്നെ വിമാനത്താവളത്തില്‍ തടഞ്ഞതെന്ന് അഖിലേഷ് പറഞ്ഞു.രാജ്യത്തെ യുവജനങ്ങള്‍ അനീതിക്കെതിരാണെന്നത് ബി.ജെ.പി സര്‍ക്കാറിനെ ഭയപ്പെടുത്തുന്നുണ്ടെന്നും അതാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നതെന്നും അഖിലേഷ് ട്വിറ്റ് ചെയ്തു.
അതേസമയം, സര്‍വകലാശാലയിലെ പരിപാടികള്‍ക്ക് രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കരുതെന്ന് അറിയിച്ച് കഴിഞ്ഞ ദിവസം അലഹബാദ് സര്‍വകലാശാല അധികൃതര്‍ അഖിലേഷിന്റെ പേഴ്സണല്‍ സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നതായും അതിനാല്‍ ആണ് യാത്ര തടഞ്ഞതെന്നും പൊലീസ് പറഞ്ഞു.