കോണ്‍ഗ്രസ് അധ്യക്ഷപദം ഏറ്റെടുക്കണമെന്ന് മുതിര്‍ന്ന നേതാക്കള്‍; നിരസിച്ച് എ.കെ ആന്റണി

കോണ്‍ഗ്രസ് അധ്യക്ഷപദം ഏറ്റെടുക്കണമെന്ന മുതിര്‍ന്ന നേതാക്കളുടെ അഭ്യര്‍ത്ഥന പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി നിരസിച്ചതായി കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിന്റെ റിപ്പോര്‍ട്ട്. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടി അധ്യക്ഷപദം നിരസിച്ചതായാണ് റിപ്പോര്‍ട്ടിലുള്ളത്.

അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള തീരുമാനത്തില്‍ രാഹുല്‍ ഗാന്ധി ഉറച്ചു നില്‍ക്കുകയാണ്. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുള്ള ഒരാളെ അധ്യക്ഷനാക്കണമെന്ന് രാഹുല്‍ നേതാക്കളോട് നേരത്തെ നിര്‍ദേശിച്ചതായും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഈ സാഹചപര്യത്തിലാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ ഗുലാം നഭി ആസാദ്, അഹമ്മദ് പട്ടേല്‍ എന്നിവര്‍ ആന്റണിയോട് പദവി ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടത്.

സോണിയ ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും അറിവോടെയാണ് നോതാക്കള്‍ ആന്റണിയെ കണ്ടതെന്നും സൂചനയുണ്ട്. എന്നാല്‍
നെഹ്‌റു കുടുംബത്തോട് തനിക്ക് അതിയായ ആദരവാണ് ഉള്ളതെന്നും പക്ഷേ അധ്യക്ഷപദം ഏറ്റെടുക്കാനാവില്ലെന്നും ആന്റണി നേതാക്കളെ അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യകാരണങ്ങളാണ് അധ്യക്ഷപദവി ഏറ്റെടുക്കുന്നതിന് തടസമായി ആന്റണി ഉന്നയിച്ചത്.