അഫ്ഗാനിൽ നിന്നും 78 പേരുമായി എയര്‍ ഇന്ത്യ വിമാനം ഡൽഹിയില്‍; മലയാളി കന്യാസ്ത്രീയും സംഘത്തില്‍

അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ നിന്നുള്ള 78 പേരുമായി എയർ ഇന്ത്യ വിമാനം ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഇറ്റാലിയൻ സ്കൂളിൽ പ്രവർത്തിച്ചിരുന്ന മലയാളിയായ സിസ്റ്റർ തെരേസ ക്രസ്റ്റയും വിമാനത്തിലുണ്ട്. കാബൂളില്‍ നിന്ന് താജിക്കിസ്ഥാന്‍ വഴിയാണ് ഇവരെ ഡല്‍ഹിയിലെത്തിച്ചത്. തെരേസ ക്രസ്റ്റ അടങ്ങുന്ന എട്ടംഗ സംഘം അമേരിക്കന്‍ വിമാനത്തില്‍ ഇന്നലെയാണ് താജിക്കിസ്ഥാനില്‍ എത്തിയത്.

സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിയിലെ അംഗങ്ങളെയും ഡല്‍ഹിയിലെത്തിച്ചിട്ടുണ്ട്. 22 സിഖുകാരും സിഖ് മതഗ്രന്ഥമായ ഗുരുഗ്രന്ഥസാഹിബിന്റെ മൂന്ന് പകര്‍പ്പും വിമാനത്തില്‍ ഇന്ത്യയിലെത്തിച്ചിട്ടുണ്ട്. ഇത് സ്വീകരിക്കാന്‍ കേന്ദ്രമന്ത്രിമാരായ ഹര്‍ദീപ് സിംഗ് പുരി, വി മുരളീധരന്‍ എന്നിവര്‍ വിമാനത്താവളത്തിൽ എത്തി. ഗുരുഗ്രന്ഥ സാഹിബ് കേന്ദ്രമന്ത്രിമാര്‍ ചുമന്ന് പുറത്തെത്തിച്ചു.