അഹമ്മദാബാദ്- മുംബൈ തേജസ് എക്‌സ്പ്രസ് വൈകി: 630 യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം ലഭിക്കും

അഹമ്മദാബാദ്- മുംബൈ തേജസ് എക്‌സ്പ്രസിലെ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) ബുധനാഴ്ച അറിയിച്ചു. കഴിഞ്ഞ ദിവസം മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഒരു മണിക്കൂര്‍ വൈകിയാണ് ട്രെയിന്‍ എത്തിയത്. ഇതിനെ തുടര്‍ന്നാണ് നഷ്ടപരിഹാരം നല്‍കാന്‍ ഐ.ആര്‍.സി.ടി.സി തീരുമാനിച്ചത്. 630 യാത്രക്കാര്‍ക്ക് 100 രൂപ വീതമാണ് നല്‍കുക.

പശ്ചിമ റെയില്‍വേയിലെ വൈദ്യുത ലൈനിലെ തകരാറിനെ തുടര്‍ന്നാണ് ട്രെയിന്‍ വൈകിയത്. ഭയാന്തര്‍-മിറ റോഡ് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് തകരാര്‍ കണ്ടെത്തിയത്. 1.10-ന് മുംബൈയിലെത്തേണ്ട ട്രെയിന്‍ 2.35-നാണ് എത്തിയത്.

Read more

ഐ.ആര്‍.ടി.സിയുടെ ടോള്‍ ഫ്രീ നമ്പറുകളിലും ഇ മെയിലിലും നഷ്ടപരിഹാരം ആവശ്യപ്പെട്ട് സന്ദേശമയക്കാമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ രണ്ടാമത്തെ സ്വകാര്യ തീവണ്ടി സര്‍വീസാണ് മുംബൈ- അഹമ്മദാബാദ് റൂട്ടിലെ തേജസ്. ട്രെയിന്‍ ഒരു മണിക്കൂര്‍ വൈകിയാല്‍ 100 രൂപയും രണ്ട് മണിക്കൂര്‍ വൈകിയാല്‍ 250 രൂപയും നഷ്ടപരിഹാരം നല്‍കണം.