കോവിഡ് വാക്‌സിനേഷന് മുന്നോടിയായി സംസ്ഥാനങ്ങൾക്ക് നിയമാവലി അയച്ച് കേന്ദ്രം

രാജ്യവ്യാപകമായി നടത്തുന്ന കോവിഡ് വാക്‌സിനേഷന് രണ്ട് ദിവസം ബാക്കി നിൽക്കെ സംസ്ഥാന സർക്കാരുകൾക്ക് നിയമാവലി അയച്ച് കേന്ദ്രം. കോവിഡ് പ്രതിരോധ കുത്തിവെയ്പ്പുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നിബന്ധനകളാണ് ഇന്ന് വൈകുന്നേരം കേന്ദ്രം വിതരണം ചെയ്തത്. ശനിയാഴ്ച രാജ്യത്തൊട്ടാകെയുള്ള 3,006 കേന്ദ്രങ്ങളിൽ 3 ലക്ഷം ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് കുത്തിവെയ്പ്പ് നൽകും.

18 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമാണ് കുത്തിവെയ്പ്പ് അനുവദിക്കുന്നതെന്ന് കേന്ദ്രം അറിയിച്ചു. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്സിൻ നൽകരുത്. വാക്സിൻ പരസ്പരം മാറ്റാൻ അനുവാദമില്ലെന്നും കേന്ദ്രം അറിയിച്ചു. രണ്ടാമത്തെ ഡോസും ആദ്യ ഡോസായി നൽകിയ വാക്‌സിനും ഒന്നായിരിക്കണം.

അടിയന്തര ഉപയോഗത്തിനായി കേന്ദ്രം അനുമതി നൽകിയ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ എന്നീ വാക്‌സിനുകളാണ് രണ്ട്-ഡോസുകളായി 28 ദിവസത്തെ ഇടവേള പാലിച്ച് നൽകേണ്ടത്.

സജീവമായ കോവിഡ് ലക്ഷണങ്ങളുള്ള രോഗികൾ, പ്ലാസ്മ തെറാപ്പി നൽകിയവർ, അസുഖം ബാധിച്ചവർ, മറ്റേതെങ്കിലും കാരണങ്ങളാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ എന്നിവർക്ക് സുഖം പ്രാപിച്ചതിന് ശേഷം നാല് മുതൽ എട്ട് ആഴ്ച വരെ കുത്തിവെയ്പ്പ് നീട്ടിവെയ്ക്കണം.