അഗ്നിപഥ്; പ്രതിഷേധം തണുപ്പിക്കാന്‍ നീക്കം, ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്രം

ഹ്രസ്വകാല സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയായ അഗ്നിപഥിനെ തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ തണുപ്പിക്കാന്‍ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. പദ്ധതിയില്‍ അംഗമായി സൈനിക സേവനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അര്‍ദ്ധസൈനിക വിഭാഗങ്ങളില്‍ സംവരണം നല്‍കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചു. ഇവര്‍ക്കായി പത്തു ശതമാനം ഒഴിവുകള്‍ മാറ്റിവെക്കുമെന്നും അസം റൈഫിള്‍സിലും സംവരണം നല്‍കുമെന്നും കേന്ദ്രം വ്യക്തമാക്കി.

നിയമനത്തിലുള്ള പ്രായപരിധിയില്‍ 3 വര്‍ഷത്തെ ഇളവ് നല്‍കാനും തീരുമാനിച്ചു. ഇതോടെ അഗ്നിപഥിലൂടെ സേനയില്‍ ചേരുന്നവര്‍ക്ക് അഞ്ചു വയസിന്റെ ഇളവ് ലഭിക്കും. ഈ വര്‍ഷമാണ് അഞ്ച് വയസ് ഇളവ് ലഭിക്കുക. അടുത്ത വര്‍ഷം മുതല്‍ മൂന്ന വയസിന്റെ ഇളവും ലഭിക്കും. അതേ സമയം പദ്ധതിക്ക് എതിരെ രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്. അക്രമ സംഭവങ്ങളെ തുടര്‍ന്ന് യുപിയില്‍ 260 പേര്‍ അറസ്റ്റിലായി.

ബിഹാറിലെ ജഹനാബാദില്‍ പ്രതിഷേധക്കാര്‍ ബസിന് തീയിട്ടു. പ്രതിഷേധത്തിനിടെ ഒരു ട്രെയിന്‍ യാത്രക്കാരന്‍ മരിച്ചു. ലഖിസാരായില്‍ പ്രതിഷേധക്കാര്‍ തീയിട്ട ട്രെയിനില്‍ യാത്ര ചെയ്തിരുന്നയാളാണ് മരിച്ചത്. തീയിട്ടതിനെ തുടര്‍ന്ന് പുക ശ്വസിച്ച് കുഴഞ്ഞുവീണ യാത്രക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരിക്കുകയായിരുന്നു. ദക്ഷിണേന്ത്യയിലും പ്രതിഷേധം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം തെലങ്കാനയില്‍ പ്രതിഷേധത്തിനിടെ ഉണ്ടായ വെടിവെയ്പില്‍ ഒരാള്‍ മരിച്ചിരുന്നു. ചെന്നൈയിലേക്കും പ്രതിഷേധം വ്യാപിച്ചു.

രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്. വിവിധ സ്ഥലങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങളടക്കം വിച്ഛേദിച്ചിരിക്കുകയാണ്. വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ ഇന്ന് ബിഹാറില്‍ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. ആര്‍.ജെ.ഡി. ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ബന്ദിന് പിന്തുണയും പ്രഖ്യാപിച്ചു. 11 സംസ്ഥാനങ്ങളിലാണ് പ്രതിഷേധം വ്യാപിച്ചിരിക്കുന്നത്. പ്രതിഷേധം ഡല്‍ഹിയിലേക്ക് പടരാതിരിക്കാന്‍ രാജ്യതലസ്ഥാനത്ത് കനത്ത ജാഗ്രതയിലാണ് പൊലീസ്.