വാളും പരിചയുമായി അക്രമി; ചെന്നൈയിലെ ടിവി ചാനലിന്റെ ഓഫീസ് നശിപ്പിച്ചു

ചൊവ്വാഴ്ച ചെന്നൈയിലെ പ്രശസ്തമായ സാറ്റലൈറ്റ് ചാനലായ സത്യം ടിവിയുടെ ആസ്ഥാനത്ത് വാളുമായി ഒരാൾ പ്രവേശിച്ച്‌ വസ്തുവകകൾ നശിപ്പിച്ചു. ചാനൽ പുറത്തുവിട്ട സിടിവി ഫൂട്ടേജിൽ അക്രമി വാളും പരിചയും പിടിച്ചിരിക്കുന്നതായി കാണാം.

അക്രമി കാർ പാർക്കിംഗ് ഏരിയയിലൂടെ ഓഫീസ് പരിസരത്ത് പ്രവേശിക്കുകയായിരുന്നു. ഗിറ്റാർ ബാഗിലാണ് അയാൾ ആയുധങ്ങൾ കൊണ്ടു വന്നതെന്നും ചാനലിന്റെ മാനേജിംഗ് ഡയറക്ടർ ഐസക് ലിവിംഗ്സ്റ്റൺ മാധ്യമങ്ങളോട് പറഞ്ഞു.

തന്നെ ലക്ഷ്യമിട്ടാണ് അക്രമി വന്നതെന്ന് ഐസക് ലിവിംഗ്സ്റ്റൺ അവകാശപ്പെട്ടു. അക്രമി ഓഫീസിൽ വന്ന് തന്നെയാണ് അന്വേഷിച്ചതെന്നും സുരക്ഷിതമായി ഒരു മുറിയിൽ തന്നെ പൂട്ടിയിട്ടിരിക്കുകയാണെന്നാണ് അക്രമി കരുതിയതെന്നും ഐസക് ലിവിംഗ്സ്റ്റൺ പറഞ്ഞു.

ആക്രമണത്തിന് പിന്നിൽ എന്തെങ്കിലും പ്രകോപനമോ ഉദ്ദേശ്യമോ ഉണ്ടോ എന്ന് അറിയില്ലെന്നും ഒരു വ്യക്തിക്കും എതിരെ ഒരു വാർത്തയും ചെയ്തിട്ടില്ലെന്നും അക്രമത്തിന് പിന്നിൽ എന്താണെന്ന് അറിയില്ലെന്നും ഐസക് ലിവിംഗ്സ്റ്റൺ പറഞ്ഞു.

രാജേഷ് കുമാർ എന്ന ആളാണ് പ്രതി എന്ന് തിരിച്ചറിഞ്ഞതായി റോയപുരം പൊലീസ് സ്ഥിരീകരിച്ചു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

രാജേഷ് കോയമ്പത്തൂർ സ്വദേശിയാണെങ്കിലും ഗുജറാത്തിലാണ് താമസമെന്നും. അവിടെ നിന്നും നേരിട്ട് കാറിൽ വന്നതാണെന്നും ലിവിംഗ്സ്റ്റൺ അവകാശപ്പെട്ടു. പൊലീസിൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ആക്രമണത്തെ ചെന്നൈ പ്രസ് ക്ലബ് അപലപിച്ചു. മാധ്യമപ്രവർത്തകരുടെയും അവരുടെ ഓഫീസുകളുടെയും സുരക്ഷയ്ക്കായി ഒരു നിയമം കൊണ്ടുവരാൻ ചെന്നൈ പ്രസ് ക്ലബ് ജോയിന്റ് സെക്രട്ടറി ഭാരതി തമിഴൻ തമിഴ്നാട് സർക്കാരിനോട് അഭ്യർത്ഥിച്ചു.

സത്യം ടിവി സുവിശേഷകനായ മോഹൻ സി ലാസറസിന്റെ നേതൃത്വത്തിൽ ഉള്ള സ്ഥാപനമാണ്.