അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ലക്ഷദ്വീപിലേക്ക്; ഏഴ് ദിവസം തങ്ങി സ്ഥിതി​ഗതികൾ വിലയിരുത്തും

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കെതിരെ പ്രതിഷേധം ശക്തമാവുന്നവേളയിൽ പ്രഫുൽ ഖോഡ പട്ടേൽ 14ന് ലക്ഷദ്വീപിലെത്തും.

ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി അഡ്മിസ്‌ട്രേറ്റര്‍ തിങ്കളാഴ്ചയാണ് ദ്വീപിലെത്തുന്നത്. അഗത്തിയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനമാണ് നിശ്ചയിച്ചിരിക്കുന്നത്.

അഡ്മിനിസ്ടറ്ററുടെ സന്ദർശനവേളയിൽ പ്രതിഷേധങ്ങളുണ്ടാകാതിരിക്കാൻ ശക്തമായ മുന്നൊരുക്കം ഇതിനകം ദ്വിപുകളിൽ തുടങ്ങിക്കഴിഞ്ഞു. 20ന് സന്ദർശനം പൂർത്തിയാക്കി മടങ്ങാനാണ് തീരുമാനം.

അതേസമയം പ്രഫുല്‍ പട്ടേലിന്‍റെ സന്ദർശനത്തിന് മുന്നോടിയായി ലക്ഷദ്വീപില്‍ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നെന്ന് റിപ്പോർട്ട്. ദീർഘകാലമായി പണി പൂർത്തിയാകാത്ത റിസോർട്ടുകളും കോട്ടേജുകളുമാണ് പൊളിച്ചുമാറ്റുന്നത്.

അ​​ഗത്തിയിൽ മാത്രം 25ൽ അധികം കോട്ടേജുകൾ ഇതുവരെ പൊളിച്ചുമാറ്റിയിട്ടുണ്ട്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നാണ് കാരണമായി അധികൃതര്‍ പറയുന്നത്.