പുല്‍വാമ ഭീകരാക്രമണം; കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ എന്‍.ഐ.എയ്ക്ക് വീഴ്ച, പ്രതിക്ക് ജാമ്യം

പുല്‍വാമ ഭീകരാക്രമണക്കേസില്‍ എന്‍.ഐ.എയ്ക്ക് വന്‍ വീഴ്ച. കുറ്റപത്രം നല്‍കാന്‍ വൈകിയതിനാല്‍ ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിലെ പ്രതി യൂസഫ് ചോപാന് പട്യാല കോടതി ജാമ്യം അനുവദിച്ചു.

ചട്ടപ്രകാരമുള്ള സമയപരിധിക്കുള്ളില്‍ കുറ്റപത്രം നല്‍കുന്നതില്‍ എന്‍.ഐ.എ പരാജയപ്പെട്ടുവെന്നും അതിനാല്‍ സ്വഭാവിക ജാമ്യത്തിന് പ്രതിക്ക് അര്‍ഹതയുണ്ടെന്നും ഉത്തരവില്‍ പറയുന്നു. പുല്‍വാമ ഭീകരാക്രമണം നടന്ന് ഒരു വര്‍ഷം പിന്നിട്ടിട്ടും ഭീകരാക്രമണത്തിന് ഉപയോഗിച്ച സ്ഫോടക വസ്തുക്കളുടെ ഉറവിടം കണ്ടെത്താന്‍ എന്‍ഐഎയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

അതേസമയം തീവ്രവാദ ഫണ്ടിങ് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ ഉദ്യോഗസ്ഥര്‍ ബുധനാഴ്ചയും കശ്മീരില്‍ റെയ്ഡ് നടത്തി. പുല്‍വാമ ജില്ലയിലെ കരീമാബാദിലാണ് റെയ്ഡ് നടത്തിയത്. ചൊവ്വാഴ്ച അറസ്റ്റ് ചെയ്ത രണ്ട് തീവ്രവാദികളില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്ഡ്.

2019 ഫെബ്രുവരി 14-ന് പുല്‍വാമയ്ക്കടുത്തുള്ള ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ വെച്ചാണ് ജയ്ഷെ ഇ മുഹമ്മദ് തീവ്രവാദിയായ ആദില്‍ അഹമ്മദ് ദര്‍ എന്ന ഇരുപത്തിരുണ്ടുകാരന്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം സിആര്‍പിഎഫ് ജവാന്‍മാര്‍ സഞ്ചരിച്ച വാഹന വ്യൂഹത്തിനിടയിലേക്ക് ഇടിച്ച് കയറ്റിയത്. 40 സിആര്‍പിഎഫ് ജവാന്മാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം സാധാരണയായി സൈനിക സ്റ്റോറുകളില്‍ കാണപ്പെടുന്ന വെടിമരുന്നുകളാണ് സ്ഫോടനത്തിനായി ഉപയോഗിച്ചിരുന്നത്. അമോണിയം നൈട്രേറ്റ്, നൈട്രോ ഗ്ലിസറിന്‍, ആര്‍ഡിഎക്സ് എന്നിവ നിറച്ച കാറാണ് സ്ഫോടനത്തിന് ഉപയോഗിച്ചത്. 25 കിലോ പ്ലാസ്റ്റിക്ക് സ്ഫോടക വസ്തുക്കളും ഉണ്ടായിരുന്നതായി ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു.