അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് ഉൾപ്പെടെയുള്ള പദ്ധതികൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

 

ഉന്നത പഠനം ഇടയ്ക്കുവെച്ച് നിർത്തിയാലും ക്രെഡിറ്റിന് അനുസരിച്ച് സർട്ടിഫിക്കറ്റ് ലഭിക്കുന്ന അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാഭ്യാസരംഗത്തെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തത്.

രാജ്യത്തെ മെഡിക്കൽ, ഡെന്റൽ കോഴ്സുകൾക്ക് ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിൽ അഖിലേന്ത്യാ ക്വാട്ട പദ്ധതി പ്രകാരം ഒബിസി വിഭാഗത്തിന് 27 ശതമാനവും സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങൾക്ക് (ഇഡബ്ല്യുഎസ്) 10 ശതമാനവും സംവരണം ഉണ്ടായിരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

എഞ്ചിനീയറിംഗ് കോഴ്സുകൾ 11 പ്രാദേശിക ഭാഷകളിലേക്ക് വിവർത്തനം ചെയ്യുന്നതിനുള്ള പദ്ധതിയും വികസിപ്പിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഇത് പ്രത്യേകിച്ചും പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായുള്ള ആംഗ്യഭാഷ സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്ന ‘നിഷ്ത’, നിർമിതബുദ്ധിയിൽ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഏതുപ്രായത്തിലുള്ളവർക്കും ഓൺലൈനിലൂടെ പരിശീലനം നൽകുന്ന വെബ്‌സൈറ്റ് തുടങ്ങിയവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.