ഡൽഹിയിൽ ആദ്യജയം എ.എ.പിക്ക്, 58 സീറ്റിൽ മുന്നിൽ, സീറ്റൊന്നും കിട്ടിയില്ലെങ്കിലും ബി.ജെ.പി തോറ്റതിൽ സന്തോഷമെന്ന് കോൺഗ്രസ്

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യ ഫലം ഭരണകക്ഷിയായ ആം ആദ്മി പാർട്ടിക്ക് അനുകൂലമായി. സീലംപുർ മണ്ഡലത്തിൽ എ എ പിയുടെ അബ്ദുറഹമാൻ വിജയിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇവിടെ ബി ജെ പി മൂന്നാം സ്ഥാനത്താണ്. കോൺഗ്രസിനാണ് രണ്ടാം സ്ഥാനം. ഏറ്റവുമൊടുവിലെ റിപ്പോർട്ടുകൾ പ്രകാരം എ എ പി 58 സീറ്റിൽ മുന്നിട്ട് നിൽക്കുകയാണ്. ബി ജെ പി 12 സീറ്റിലും. എന്നാൽ ബി ജെ പി ലീഡ് ചെയ്യുന്ന മണ്ഡലങ്ങളിൽ ഒമ്പതിടത്ത് അവർക്ക് നേരിയ ലീഡ് മാത്രമാണുള്ളത്. അതുകൊണ്ട് എ എ പി എത്ര സീറ്റ് നേടുമെന്ന് ഉറപ്പിക്കാൻ വോട്ടെണ്ണലിന്റെ അവസാന റൌണ്ട് വരെ കാത്തിരിക്കണം. അഞ്ചു സീറ്റിൽ മാത്രമാണ് ബി ജെ പിക്ക് ഇപ്പോൾ വിജയം ഉറപ്പിക്കാൻ കഴിയുന്നത്.
അതിനിടെ വീണ്ടും അധികാരത്തിലെത്തുന്ന കെജ്‌രിവാളിനെ നേതാക്കൾ അഭിനന്ദിച്ചു. മമത ബാനർജി, ഉദ്ധവ് താക്കറെ തുടങ്ങിയ മുഖ്യമന്ത്രിമാർ അദ്ദേഹത്തെ ഫോണിൽ വിളിച്ച് അഭിന്ദിച്ചു.

എ എ പിക്ക് 53 .03 ശതമാനം വോട്ടുകൾ ലഭിച്ചു. ബി ജെ പിക്ക് 39 ശതമാനം വോട്ട് ഷെയറുണ്ട്. നാലു ശതമാനം വോട്ടാണ് കോൺഗ്രസിന് നേടാനായത്. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനാണ് കനത്ത തിരിച്ചടിയേറ്റത്. ഒരു സീറ്റ് പോലും നേടാൻ അവർക്കായില്ല. തുടർച്ചയായ രണ്ടാം തവണയാണ് കോൺഗ്രസിന് ഡൽഹിയിൽ അകൗണ്ട് തുറക്കാൻ കഴിയാതെ പോകുന്നത്.

Read more

ബി ജെ പിക്ക് നില മെച്ചപ്പെടുത്തിയെന്ന് മേനി നടിക്കാൻ കഴിയും. കാരണം 2015- ൽ മൂന്ന് സീറ്റ് മാത്രമാണ് ബി ജെ പിയുടെ അകൗണ്ടിൽ ഉണ്ടായിരുന്നത്. എന്നാൽ മോദിയും അമിത് ഷായും നേരിട്ട് പ്രചാരണത്തിനിറങ്ങിയിട്ടും ഡൽഹിയിൽ അടിയറവ് പറയേണ്ടി വന്നു എന്ന നാണക്കേട് ബി ജെ പിക്ക് എളുപ്പം മാറ്റാൻ കഴിയുന്നതല്ല. മാത്രവുമല്ല, മോദി രണ്ടാം തവണ പ്രധാനമന്ത്രിയായ ശേഷം നടന്ന എല്ലാ സംസ്ഥാന തിരഞ്ഞെടുപ്പുകളിലും അവർക്ക് കനത്ത പരാജയം നേരിടേണ്ടി വന്നു.