ഒഴിവുള്ള രാജ്യസഭാസീറ്റ് ; ആം ആദ്മിയില്‍ ചര്‍ച്ചകള്‍ക്ക് ചൂടേറി, അഞ്ച് പേര്‍ പരിഗണനയില്‍

ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിനായി ആംആദ്മി പാര്‍ട്ടിയില്‍ ചൂടേറിയ ചര്‍ച്ചകളാണ് നടക്കുന്നത്. മൂന്ന് രാജ്യസഭാ സീറ്റുകളാണ് ഒഴിവുള്ളത്. പാര്‍ട്ടി ദേശീയ വക്താവ് സഞ്ജയ് സിംഗ് എഎപിയുടെ സ്ഥാനാര്‍ത്ഥിപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പായിട്ടുണ്ടെങ്കിലും മറ്റ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. രാജ്യസഭ എംപിയായി പാര്‍ലമെന്റില്‍ എത്തുന്നതില്‍ സഞ്ജയ് സിംഗ് താത്പര്യക്കുറവ് പ്രകടിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് താത്പര്യമെന്നും അദ്ദേഹം പാര്‍ട്ടിയെ അറിയിച്ചിരുന്നു.

എന്നാല്‍ പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം ജനുവരി നാലിന് നാമനിര്‍ദ്ദേശ പത്രിക സമര്‍ക്കുമെന്നാണ് അന്തിമസൂചന. റോയല്‍ ബാങ്ക് ഓഫ് സ്‌കോട്‌ലന്‍ഡിലെ മൂന്‍ ചെയര്‍മാന്‍ മീര സന്യാല്‍,കവി ഇമ്രാന്‍ പ്രതാപ്ഘടി, ബിസിനസ്സുകാരനായ സുശീല്‍ ഗുപ്ത, ചാര്‍ട്ടേഡ് അക്കൗണ്ടന്റായ എന്‍.ഡി ഗുപ്ത എന്നിവരാണ് പരിഗണനയുള്ളവര്‍.

Read more

ജനുവരി 16 നാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭയില്‍ വമ്പിച്ച ഭൂരിപക്ഷം ഉള്ളതിനാല്‍ രാജ്യസഭയില്‍ അനായാസം ആംആദ്മി സ്ഥാനാര്‍ത്ഥികള്‍ ജയിക്കും. . എന്നാല്‍ അവധിയിലായിരിക്കുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും,ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും തിരിച്ചെത്തിയാല്‍ മാത്രമെ സ്ഥാനാര്‍ത്ഥികളുടെ അന്തിമപട്ടിക തയ്യാറാകൂ. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയ്യതി ജനുവരി അഞ്ചാണ്.