കെജ്‌രിവാള്‍ ന്യൂഡല്‍ഹിയില്‍ മത്സരിക്കും; എ.എ.പി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു, ഇടംനേടാത്ത എം.എല്‍.എ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്ന് വീണ്ടും ജനവിധി തേടും. ഡല്‍ഹിയിലെ 70 നിയമസഭാ സീറ്റുകളിലേയ്ക്കും ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 46 എംഎല്‍എമാര്‍ക്കാണ് മല്‍സരിക്കാന്‍ വീണ്ടും അവസരം ലഭിച്ചത്.

ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പട്പഡ്ഗഞ്ചില്‍ സ്ഥാനാര്‍ത്ഥിയാകും. അലംഭാവം കാണിക്കാതെ കഠിനപ്രയത്‌നം ചെയ്യാന്‍ എല്ലാ സ്ഥാനാര്‍ത്ഥികളോടും അരവിന്ദ് കെജ്‌രിവാള്‍ ആഹ്വാനം ചെയ്തു. ഫെബ്രുവരി 8നാണ് വോട്ടെടുപ്പ്. ഈ മാസം 21-വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.

ഇതേ സമയം സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടാത്ത ബദര്‍പൂര്‍ എം.എല്‍.എ എന്‍.ഡി ശര്‍മ്മ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ആംആദ്മി പാര്‍ട്ടി നിയമസഭ സീറ്റുകള്‍ വില്‍ക്കുകയാണെന്ന് ആരോപിച്ചാണ് രാജി.

കഴിഞ്ഞ തവണ എന്‍.ഡി ശര്‍മ്മയോട് മത്സരിച്ച രാം സിംഗ് നേതാജിയെ കഴിഞ്ഞ ദിവസം ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. ഇതിനെതിരെ ശര്‍മ്മ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീടിന് മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അതിന് ശേഷമാണ് ഇന്ന് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ രാം സിംഗ് നേതാജിയ്ക്കാണ് സീറ്റ് നല്‍കിയത്.