ഒരേ സമയം 3 സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി; 30 വര്‍ഷത്തിന് ശേഷം വിരുതന്‍ പിടിയില്‍

30 വര്‍ഷം മൂന്ന് സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് ശമ്പളം പറ്റിയ വിരുതന്‍ പിടിയിലായി. ബിഹാറിലെ സുരേഷ് റാം എന്നയാളാണ് ഒരേ സമയം മൂന്നു വകുപ്പില്‍ ജോലിയും ശമ്പളവുമായി സസുഖം ജീവിച്ചത്.

1988ല്‍ പാട്‌ന കെട്ടിട നിര്‍മാണ വകുപ്പിനുകീഴില്‍ ജൂനിയര്‍ എഞ്ചിനീയറായാണ് സുരേഷ് റാം ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഒരുവര്‍ഷത്തിനു ശേഷം ഇയാള്‍ക്ക് സിറ്റി വാട്ടര്‍ റിസോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ജൂനിയര്‍ എഞ്ചിനീയറായി നിയമനക്കത്ത് വന്നു. പിന്നീട് മറ്റൊരു സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും ജോലി തേടിയെത്തി. ഇതോടെ മൂന്ന് ഉത്തരവും കൈപ്പറ്റിയ സുരേഷ് റാം മൂന്നിടത്തും ജോലി തുടര്‍ന്നു.

കിഷന്‍ഗഞ്ച്, ബാങ്ക, സുപോള്‍ എന്നിവിടങ്ങളിലുള്ള ഓഫീസുകളിലാണ് സുരേഷ് രാം ജോലി ചെയ്തിരുന്നത്. മൂന്ന് വകുപ്പുകളില്‍ നിന്നുമുള്ള ശമ്പളം എല്ലാമാസവും കൃത്യമായി അക്കൗണ്ടിലെത്തുകയും ചെയ്തു എന്നതാണ് അതിശയം.

ബീഹാറിലെ സര്‍ക്കാര്‍ ജീവനക്കാരുടെ വരുമാനം, ചെലവ്, സ്വത്ത് എന്നിവ നിരീക്ഷിക്കുന്ന കോംപ്രെഹെന്‍സീവ് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് സിസ്റ്റമാണ് (സി.എഫ്.എം.എസ്) സുരേഷ് റാമിന്റെ തട്ടിപ്പ് കണ്ടുപിടിച്ചത്. ആധാര്‍, പാന്‍കാര്‍ഡ്, ജനനത്തീയതി തുടങ്ങിയവ സി.എഫ്.എം.എസില്‍ രേഖപ്പെടുത്തണം. ഇങ്ങനെ ഇവയെല്ലാം രേഖപ്പെടുത്തിയപ്പോഴാണ് സുരേഷ് റാം പിടിയിലായത്.

ഇയാള്‍ക്കെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.