അധികാരത്തിലെത്തിയിട്ട് 10 മാസം; 921 വെടിവെയ്പ്പുകള്‍, 33 മരണം, യോഗി സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റിട്ട് പിന്നിടുമ്പോൾ , യുപിയില്‍ വിവിധ ഏറ്റുമുട്ടലുകളിലായി കൊല്ലപ്പെട്ടത് 33 പേര്‍. ഇതിനെ തുടര്‍ന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ യുപി സര്‍ക്കാരിന് നോട്ടീസ് നല്‍കി. ആകെ 921 ഏറ്റമുട്ടലുകള്‍ നടന്നതില്‍ കഴിഞ്ഞ പത്തുമാസം മാത്രം നടന്നത് 29 ഏറ്റമുട്ടലുകളാണ്. ഇതില്‍ 30 കുറ്റവാളികളും മൂന്ന് പൊലീസുകാരും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

ഇതിനെ തുടര്‍ന്ന് നവംബര്‍ 22 നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിന് നോട്ടീസ് നല്‍കിയത്. കഴിഞ്ഞ ആറു മാസത്തിനിടെ നടന്ന 19 ഏറ്റുമുട്ടലുകളില്‍ വിശദീകരണം ചോദിച്ചാണ് കമ്മീഷന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍ കമ്മീഷന്‍ വിശദീകരണം ചോദിച്ച് ഒരു മാസം പിന്നിട്ടിട്ടും ഏറ്റുമുട്ടല്‍ എന്ന പേരില്‍ പൊലീസ് നടത്തുന്ന നരനായാട്ടിന് ഒരു കുറവുമില്ലെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

നോട്ടീസ് നല്‍കിയതിനുശേഷം എട്ട് ഏറ്റമുട്ടലുകളാണ് സംസ്ഥാനത്ത് നടന്നിട്ടുള്ളത്. അതില്‍ മൂന്ന് എണ്ണം നടന്നിരിക്കുന്നത് പുതുവര്‍ഷ ദിനത്തിലും. അതേസമയം, മനുഷ്യാവകാശ കമ്മീഷനില്‍ നിന്നും നോട്ടീസ് ഒന്നും കൈപ്പറ്റിയിട്ടില്ലെന്ന നിലപാടിലാണ് യുപി സര്‍ക്കാര്‍. ഇനി നോട്ടീസ് ലഭിച്ചാല്‍ തന്നെ മറുപടി നല്‍കാന്‍ ആറ് ആഴ്ച സമയം വേണമെന്നും ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അരവിന്ദ് കുമാർ പറഞ്ഞു.