91 കുട്ടികൾക്ക് സ്കൂളുകളിൽ പ്രവേശനം നിഷേധിച്ചു; കെജരിവാളിന് മാതാപിതാക്കളുടെ കത്ത്

ഡൽഹിയിൽ വിവിധ സർക്കാർ സ്കൂളുകളിൽ 91 കുട്ടികൾക്ക് വിവിധ കാരണങ്ങൾ പറഞ്ഞ് പ്രവേശനം നിഷേധിച്ചുവെന്ന് പരാതി . ഇത്തരത്തിൽ 3 വയസുമുതൽ 18 വയസ് വരെ പ്രായമുള്ള കുട്ടികൾക്കാണ് പ്രവേശനം നൽകാതിരുന്നത്.

പ്രവേശനം തേടിയെത്തിയ കുട്ടികളോട് ആധാർ നമ്പറില്ല , ശരിയായ മേൽവിലാസമില്ല, പ്രായം കൂടുതലാണ് തുടങ്ങിയ കാര്യങ്ങൾ പറഞ്ഞാണ് അധികൃതർ പ്രവേശനം നിഷേധിച്ചത്. 91 കുട്ടികൾക്ക് ഇത്തരത്തിൽ പ്രവേശനം നിഷേധിക്കപ്പെട്ടതോടെ സംഭവത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് കത്തെഴുതി.

ശാരീരിക വെല്ലുവിളി നേരിടുന്ന പത്ത് വയസുകാരനെയും കൊണ്ട് സര്‍ക്കാര്‍ ബോയ്‌സ് സ്‌കൂളിലെത്തിയപ്പോള്‍ ഇത്തരം കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കാന്‍ അധ്യാപകരില്ലെന്ന് പറഞ്ഞ് മകന് പ്രവേശനം നിഷേധിച്ചതായും കത്തില്‍ പറയുന്നു.

ഇത്തരത്തില്‍ 51 കുട്ടികള്‍ക്ക് കൃത്യമായ മേല്‍വിലാസമില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പ്രവേശനം നിഷേധിച്ചത്. അപേക്ഷിച്ച എല്ലാ കുട്ടികള്‍ക്കും കൃത്യമായ വിദ്യാഭ്യാസം ഉറപ്പ് വരുത്തണമെന്ന് ചൂണ്ടിക്കാട്ടി കത്തയച്ചതായി ഓള്‍ ഇന്ത്യ പാരന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അശോക് അഗര്‍വാള്‍ വ്യക്തമാക്കി. എന്നാല്‍ വിഷയത്തില്‍ എല്ലാ പരാതികളും വിശദമായി പരിശോധിച്ചെന്നും ഡല്‍ഹിയില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പ് വരുത്തുമെന്നും വിദ്യാഭ്യാസ ഡയറക്ടര്‍ ബിനയ് ഭൂഷണ്‍ വ്യക്തമാക്കി.