സ്വകാര്യ മേഖലയില്‍ നാട്ടുകാര്‍ക്ക് 75 ശതമാനം തൊഴില്‍ സംവരണം ഏര്‍പ്പെടുത്തി ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാര്

ആന്ധ്രപ്രദേശില്‍ സ്വകാര്യമേഖലയില്‍ നാട്ടുകാര്‍ക്ക് 75 ശതമാനം തൊഴില്‍ സംവരണം ഏര്‍പ്പെടുത്തി ജഗന്‍മോഹന്‍ റെഡ്ഡി  സര്‍ക്കാര്‍. സംസ്ഥാനത്തെ 75 ശതമാനം സ്വകാര്യജോലികളിലും നാട്ടുകാരെ തന്നെ നിയോഗിക്കണമെന്ന് ശിപാര്‍ശ ചെയ്യുന്ന നിയമം തിങ്കളാഴ്ച പാസാക്കി. ഇതോടെ പ്രാദേശികമായി രാജ്യത്ത് ആദ്യമായി തൊഴില്‍ സംവരണം ഏര്‍പ്പെടുത്തുന്ന സംസ്ഥാനമായി ആന്ധ്രപ്രദേശ് മാറി.

വ്യാവസായിക യൂണിറ്റുകള്‍, ഫാക്ടറികള്‍, സംയുക്ത സംരഭങ്ങള്‍, പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള വന്‍ പദ്ധതികള്‍ എന്നിവയിലാണ് തൊഴില്‍ സംവരണം ഏര്‍പ്പെടുത്തിയത്. നിര്‍ദേശം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഒരു തരത്തിലുള്ള സര്‍ക്കാര്‍ സഹായവും നല്‍കില്ല. പെട്രോളിയം, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍, കല്‍ക്കരി, വളം, സിമന്റ് തുടങ്ങി ഒന്നാം പട്ടികയില്‍ വരുന്ന കമ്പനികളെ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പരിചയക്കുറവ് കാരണമാക്കി തൊഴില്‍ നിഷേധിക്കുന്നത് തടയാനും നിയമത്തില്‍ വകുപ്പുകളുണ്ട്. ജോലിക്കെടുക്കുന്ന നാട്ടുകാര്‍ക്ക് തൊഴിലില്‍ വൈദഗ്ധ്യമില്ലെങ്കില്‍ പരിശീലനം കമ്പനികള്‍ തന്നെ നല്‍കണമെന്നും ഇതിനായി സര്‍ക്കാര്‍ സഹായം ഉറപ്പാക്കണമെന്നും നിയമത്തില്‍ പറയുന്നു. നിയമം പ്രാബല്യത്തിലാകുന്നതോടെ ആന്ധ്രയില്‍ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ള നിരവധി ഇതര സംസ്ഥാന തൊഴിലാളികളെ ബാധിക്കും.