ഒരു ദിവസം ഏഴായിരത്തിലധികം കോവിഡ് ബാധിതർ; രാജ്യത്ത് വ്യാപനം ദ്രുതഗതിയില്‍

കോവിഡ് 19 വൈറസ് ബാധ പകരുന്നത് തടയുന്നതിനായി രാജ്യത്ത് ഏർപ്പെടുത്തിയ നാലാം​ഘട്ട ലോക്ക്ഡൗൺ അവസാനിക്കാനിരിക്കെ ഇന്ത്യയിൽ വൈറസ് രോ​ഗബാധ അതിവേ​ഗം വ്യാപിക്കുന്നു. 24 മണിക്കൂറിനിടെ 7,466 പേർക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തിനിടെയുണ്ടാകുന്ന പുതിയ രോഗികളുടെ ഏറ്റവും ഉയർന്ന നിരക്കാണിത്.

1,65,799 പേർക്കാണ് ഇന്ത്യയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്നലെ 175 പേർ കൂടി മരിച്ചതോടെ ആകെ മരണം 4706 ആകുകയും ചെയ്തു. 71,105 പേർ രോഗമുക്തി നേടിയിട്ടുമുണ്ട്. ഇതിനിടെ വൈറസ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ലോകത്ത് ഒമ്പതാം സ്ഥാനത്തെത്തി.

മരണനിരക്കിൽ ചൈനയെ മറികടക്കുകയും ചെയ്തു. 4638 മരണമാണ് ചൈന ഔദ്യോഗികമായി പുറത്തുവിട്ടത്.
യുഎസ്, ബ്രസീൽ, റഷ്യ, സ്‌പെയിൻ, യുകെ, ഇറ്റലി, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യക്ക് മുന്നിലുള്ളത്.

രാജ്യത്ത് ഏറ്റവുമധികം കോവിഡ് ബാധിച്ച സംസ്ഥാനമായ മഹാരാഷ്ട്രയിൽ 59546 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ കോവിഡ് മരണസംഖ്യ രണ്ടായിരത്തിലേക്ക് ഉയരുകയാണ്. സംസ്ഥാനത്താകെ 1982 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇരുപത്തിനാല് മണിക്കൂറിനിടെ 85 ജീവൻ നഷ്ടമായി.

2598 പേർക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. ആകെ കേസുകൾ 59,546 ആയി. 18,616 പേർ ഇതുവരെ രോഗമുക്തരായി. മുംബൈയിൽ 35,485 കേസുകളും 1135 മരണവുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

മരണനിരക്കിൽ രണ്ടാമത് ഗുജറാത്താണ്. 960 മരണമാണ് ഗുജറാത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്. 15562 പേർക്ക് അവിടെ രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്.