മധ്യപ്രദേശില്‍ 15 മണിക്കൂറിനുള്ളില്‍ മരിച്ചത് ആറ് ആദിവാസി ശിശുക്കള്‍

മധ്യപ്രദേശിലെ ഷാഹ്ദോളില്‍ 13 മണിക്കൂറിനുള്ളില്‍ ആറ് ആദിവാസി ശിശുക്കള്‍ മരിച്ചു. ഷാഹ്ദോളിലെ ജില്ലാ ആശുപത്രിയിലാണ് ശിശുക്കളുടെ കൂട്ടമരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം മരിച്ച കുട്ടികളെല്ലാം രോഗികളായിരുന്നെന്നും ചിലരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ചതായിരുന്നെന്നും അധികൃതര്‍ അറിയിച്ചു. മെഡിക്കല്‍ സ്റ്റാഫിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും ആശുപത്രി  അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ആരോഗ്യമന്ത്രി തുളസി സിലാവത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

രാജസ്ഥാനിലെ കോട്ടയിലെയും ഗുജറാത്തിലെയും ശിശുമരണങ്ങള്‍ വാര്‍ത്തയായതിന് തൊട്ടുപിന്നാലെയാണ് ശാഹ്ഡോളിലെ ശിശുമരണവും ചര്‍ച്ചയായിരിക്കുന്നത്. ജനുവരി 13 ഉച്ചയ്ക്ക് ഒരുമണിയ്ക്കും ജനുവരി 14 പുലര്‍ച്ചെ നാലുമണിക്കും ഇടയിലാണ് കൂട്ടമരണമുണ്ടായത്. ഒരു ദിവസം പ്രായമുള്ള കുഞ്ഞു മുതല്‍ രണ്ടര മാസം പ്രായമുള്ള കുഞ്ഞുവരെ മരിച്ചവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കുഞ്ഞുങ്ങളെ ആശുപത്രിയിലെ സിക് ന്യൂബോണ്‍ കെയര്‍ യൂണിറ്റിലാണ് പ്രവേശിപ്പിച്ചിരുന്നതെന്ന് ചീഫ് മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫീസറായ ഡോ.രാജേഷ് പാണ്ഡെ അറിയിച്ചു.

മരിച്ച കുട്ടികളില്‍ രണ്ടുപേരെ ജനുവരി ഏഴിനും ഡിസംബര്‍ 30-നുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജനനശേഷം ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ശാഹ്ഡോളിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഉടന്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലാണ് മറ്റു നാലുകുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവരില്‍ മൂന്നുപേരെയും വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. നാലാമത്തെ കുട്ടിയുടെ നില അതീവ ഗുരുതരമായിരുന്നെന്നും കുട്ടിയെ രക്ഷിക്കാന്‍ 40 മിനിട്ടോളം ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചെന്നും ഡോ. രാജേഷ് പാണ്ഡെ പറയുന്നു. എന്നാല്‍ ചികിത്സകളോട് പ്രതികരിക്കാതിരുന്ന കുട്ടി മരിക്കുകയായിരുന്നു.