അസമിൽ 462 മുസ്‌ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് ബി.ജെ.പി എം.എൽ.എ; വീടുകൾ ബലപ്രയോഗത്തിലൂടെ പൊളിച്ചുമാറ്റി

പൗരത്വ നിയമ ഭേദഗതിക്കെതിരെ  രാജ്യമെങ്ങും പ്രതിഷേധം അലയടിക്കെ അസമിൽ 462 മുസ്‌ലിം കുടുംബങ്ങളെ പുറത്താക്കി സർക്കാർ. അസമിലെ ബിശ്വനാഥ് ജില്ലയിലെ ചോട്ടിയ മണ്ഡലത്തിലാണ് സംഭവം. മുസ്ലിം കുടുംബങ്ങളുടെ വീടുകളും വാസസ്ഥലങ്ങളും ബലപ്രയോഗത്തിലൂടെ പൊളിച്ചു നീക്കുകയായിരുന്നു. ബി.ജെ.പി എം.എൽ.എയായ പത്മഹസാരികയുടെ നേതൃത്വത്തിലായിരുന്നു കുടിയൊഴിപ്പിക്കൽ നടപടികൾ.

ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന കുടുംബങ്ങളുടെ വീടുകളാണ് ഡിസംബർ 22-ന് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചത്. അസമിൽ വോട്ടവകാശമുള്ള ഇവർ യഥാർത്ഥത്തിൽ മറ്റൊരു മണ്ഡലത്തിലുള്ളവരാണെന്ന്  പറഞ്ഞായിരുന്നു എം.എൽ.എയും ജില്ലാ ഭരണകൂടവും ഇവരെ കുടിയൊഴിപ്പിച്ചിരിക്കുന്നത്.

അസം സ്വദേശികളാണ് എന്നതിന്റെ പൗരത്വ രേഖകളുള്ള ഇവർ എൻ.ആർ.സി പട്ടികയിലും ഇടം നേടിയിട്ടുള്ളവരാണ്. പ്രളയത്തിൽ വീട് നഷ്ടപ്പെട്ട് രണ്ട് ക്യാമ്പുകളിലായി കഴിയുകയായിരുന്നു ഈ കുടുംബങ്ങൾ. ഇത്തരത്തിൽ ക്യാമ്പുകളിൽ കഴിയുന്ന മുസ്ലിം കുടുംബങ്ങളുടെ മാത്രം വീടുകളാണ് ജില്ലാ ഭരണകൂടം പൊളിച്ചു നീക്കിയത്. മറ്റുള്ളവരെ അവിടെ തുടരാൻ അനുവദിക്കുകയും ചെയ്തു. കൊടുംതണുപ്പിൽ തലചായ്ക്കാൻ കൂരയില്ലാതെ വഴിയാധാരമായ കുടുംബങ്ങളെ അധികൃതരോ മാധ്യമങ്ങളോ തിരിഞ്ഞു നോക്കിയില്ലെന്ന് സ്ഥലം സന്ദർശിച്ച ജമാഅത്തെ ഇസ്ലാമി ഹിന്ദ് ദേശീയ സെക്രട്ടറി മുഹമ്മദ് അഹമദ് സ്വകാര്യ മാധ്യമത്തോട് പറഞ്ഞു. നാലര കി.മീറ്റർ അകലെ താത്കാലിക ക്യാമ്പുണ്ടാക്കി 426 കുടുംബങ്ങളെയും പുനരധിവസിപ്പിക്കുകയാണ് അടിയന്തരമായി ചെയ്യാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read more

ഇതോടെ താമസിക്കാനിടമില്ലാത്ത സാഹചര്യത്തിലാണ് ഇവർ. ഭരണകൂടമോ മാധ്യമങ്ങളോ ഇവരെ തിരിഞ്ഞു നോക്കിയില്ലെന്നും ആക്ഷേപമുണ്ട്. അസമിൽ കഴിഞ്ഞ 10 ദിവസത്തോളമായി ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടതിനാൽ വിവരങ്ങൾ പുറംലോകം അറിഞ്ഞിരുന്നില്ല.