ജെ.എൻ.യു വിദ്യാർത്ഥി പ്രക്ഷോഭം; ഡൽഹിയിലെ നാല് മെട്രോ സ്റ്റേഷനുകൾ അടച്ചു

ഫീസ് വർദ്ധനയ്‌ക്കെതിരെ ജെഎൻയു വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധത്തിനിടെ സെൻട്രൽ ഡൽഹിയിലെ 4 പ്രധാന മെട്രോ സ്റ്റേഷനുകളുടെ പ്രവേശന, എക്സിറ്റ് കവാടങ്ങൾ അടച്ചു. ഡൽഹി പൊലീസിന്റെ നിർദ്ദേശപ്രകാരം ഉദ്യോഗ് ഭവൻ, പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷനുകളിൽ ട്രെയിനുകൾ നിർത്തുന്നില്ല.

“ഉദ്യോഗ് ഭവൻ, പട്ടേൽ ചൗക്ക്, സെൻട്രൽ സെക്രട്ടേറിയറ്റ് എന്നിവയ്ക്കുള്ള എക്സിറ്റ് / എൻട്രി ഗേറ്റുകൾ താത്കാലികമായി അടച്ചിരിക്കുന്നു … ലോക് കല്യാൺ മാർഗിൽ ട്രെയിനുകൾ നിർത്തുന്നില്ല കൂടാതെ സ്റ്റേഷന്റെ പ്രവേശന / എക്സിറ്റ് ഗേറ്റുകളും താത്കാലികമായി അടച്ചിരിക്കുന്നു,” ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പറഞ്ഞു.

ജെഎൻയു വിദ്യാർത്ഥികളുടെ പ്രതിഷേധ പ്രകടനം ഡൽഹിയിലെ പല പ്രദേശങ്ങളിലെയും ഗതാഗതത്തെ ബാധിച്ചു. സഫ്ദർജംഗിൽ റോഡിൽ നിന്നും പിന്മാറാൻ വിദ്യാർത്ഥികൾ വിസമ്മതിച്ചതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു. മോതി ബാഗ്, ഹയാത്ത് ഹോട്ടൽ, നെൽ‌സൺ മണ്ടേല മാർ‌ഗ്, അരബിന്ദോ മാർ‌ഗ്, ബാബാ ഗാംഗ് നാഥ് മാർ‌ഗ് എന്നിവിടങ്ങളിൽ വാഹനകുരുക്ക് രൂപപ്പെട്ടതായും വാർത്താ ഏജൻസി പി‌ടി‌ഐ റിപ്പോർട്ട് ചെയ്തു.

സഫ്ദർജംഗിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് ലാത്തി വീശിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, പൊലീസ് കസ്റ്റഡിയിലെടുത്ത ജെഎൻയു വിദ്യാർത്ഥികളെ മോചിപ്പിക്കാതെ റോഡിൽ നിന്ന് മാറാൻ വിദ്യാർത്ഥികൾ വിസമ്മതിച്ചു.

ഹോസ്റ്റൽ ഫീസ് വർദ്ധനക്കെതിരെ വിദ്യാർത്ഥികളുടെ പ്രതിഷേധ മാർച്ചിന് മുന്നോടിയായി ഡൽഹിയിലെ ജെ.എൻ.യു കാമ്പസിന് പുറത്ത് സുരക്ഷ ശക്തമാക്കിയിരുന്നു. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസമാണ് വിദ്യാർത്ഥി പ്രക്ഷോഭം. 700- ഓളം പൊലീസ് ഉദ്യോഗസ്ഥരെയും സി.ആർ.പി.എഫ് പട്ടാളക്കാരെയും സർവകലാശാല കാമ്പസിന് പുറത്ത് വിന്യസിച്ചിരുന്നു. ജെ.എൻ.യു ടീച്ചേഴ്സ് അസോസിയേഷൻ (ജെ.എൻ.യു.ടി.എ) ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചു.

പ്രതിഷേധ മാർച്ചിന് മുന്നോടിയായി പാർലമെന്റിന് സമീപം 144 വകുപ്പ് ചുമത്തിയതായി വാർത്താ ഏജൻസി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

അതേസമയം ജവഹർലാൽ നെഹ്‌റു സർവകലാശാലയുടെ സാധാരണ പ്രവർത്തനം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ ശിപാർശ ചെയ്യുന്നതിനായി കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം ഇന്ന് ഉന്നതാധികാര പാനൽ രൂപീകരിച്ചു. മൂന്നംഗ സമിതിയിൽ മുൻ യുജിസി ചെയർമാൻ പ്രൊഫസർ വി എസ് ചൗഹാൻ, എ ഐ സി ടി ഇ ചെയർമാൻ പ്രൊഫസർ അനിൽ സഹസ്രബുധെ, യുജിസി സെക്രട്ടറി പ്രൊഫസർ രജനിഷ് ജെയിൻ എന്നിവർ ഉൾപ്പെടുന്നു.

“മേൽപ്പറഞ്ഞ സമിതി വിദ്യാർത്ഥികളുമായും സർവകലാശാലാ ഭരണകൂടവുമായും ഉടൻ സംഭാഷണം ആരംഭിക്കാനും സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ശിപാർശകൾ സമർപ്പിക്കാനും അഭ്യർത്ഥിക്കുന്നു,” മന്ത്രാലയ ഉത്തരവിൽ പറയുന്നു.