'മണിപ്പൂരിനെ മികച്ച സംസ്ഥാനമാക്കും, യുവാക്കളെ ഒളിമ്പിക് മെഡല്‍ ജേതാക്കളാക്കാനാണ് മോദിയുടെ ആഗ്രഹം', അമിത് ഷാ

നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ മണിപ്പൂരിനെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഏറ്റവും മികച്ച സംസ്ഥാനമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മണിപ്പൂരിനെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കും. സംസ്ഥാനത്ത് അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും നവീകരണവും നടത്തും. മണിപ്പൂരിനെ രാജ്യത്തിന്റെ കായിക കേന്ദ്രമായും വികസിപ്പിക്കുമെന്ന് അമിത് ഷാ പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇംഫാലില്‍ നടന്ന ഒരു പൊതുടോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണിപ്പൂരിനെ രാജ്യത്തിന്റെ കായിക കേന്ദ്രമായി വികസിപ്പിക്കാന്‍ ബി.ജെ.പി ആഗ്രഹിക്കുന്നു. മയക്കുമരുന്നില്‍ നിന്നും ആയുധങ്ങളില്‍ നിന്നും മുക്തരാക്കി സംസ്ഥാനത്തെ യുവാക്കളെ കായിക രംഗത്ത് ഒളിമ്പിക് മെഡല്‍ ജേതാക്കളാക്കി മാറ്റാവനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. കായിക സര്‍വ്വകലാശാലയ്ക്ക് നരേന്ദ്ര മോദി സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് മണിപ്പൂര്‍ തീവ്രവാദവും അഴിമതിയും പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര കലഹങ്ങളും കൊണ്ട് നശിച്ചിരുന്നു. എന്നാല്‍ ബി.ജെ.പി മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങിന്റെ നേതൃത്തത്തില്‍ മണിപ്പൂരില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി സ്ഥിരത കൈവരിച്ചിരിക്കുകയാണ്. ബിരേന്‍ സിംഗ് സംസ്ഥാനത്തെ വളര്‍ച്ചയിലേക്ക് നയിച്ചെന്നും, വികസനം കൊണ്ടുവന്നെന്നും അമിത് ഷാ അവകാശപ്പെട്ടു. കണക്റ്റിവിറ്റി, അടിസ്ഥാന സൗകര്യങ്ങള്‍, കായികം, വ്യവസായം, ആരോഗ്യ സൗകര്യങ്ങള്‍ എന്നിവ വികസിപ്പിച്ചു.

അതേസമയം കുക്കി തീവ്രവാദ ഗ്രൂപ്പുകളുമായി കേന്ദ്രം ചര്‍ച്ച നടത്തുമെന്നും അമിത് ഷാ പറഞ്ഞു. കുക്കി യുവാക്കളെ പുതിയ ജീവിതത്തിലേക്ക് നയിക്കും. ബോഡോ പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നും, ബോഡോ യുവാക്കളുടെ കൈകളില്‍ ഇപ്പോള്‍ ആയുധമില്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള 9,500-ലധികം പേര്‍ തീവ്രവാദം ഉപേക്ഷിച്ച് മോദി സര്‍ക്കാരിനു കീഴില്‍ മുഖ്യധാരയില്‍ ചേര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 28 നും മാര്‍ച്ച് 5 നും രണ്ട് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് രണ്ടാം തവണയും അധികാരം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. മുന്‍ സഖ്യങ്ങളെല്ലാം ഉപേക്ഷിച്ച് 60 സീറ്റുകളിലും ഒറ്റയ്ക്കാണ് ബി.ജെ.പി മത്സരിക്കുന്നത്. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.