'സൈനിക വേഷം ധരിച്ചത് ശിക്ഷ ലഭിക്കാവുന്ന കുറ്റം'; മോദിക്ക്‌ നോട്ടീസയച്ച് യുപി കോടതി

പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനിക വേഷം ധരിച്ചത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് ഉത്തര്‍പ്രദേശ് കോടതി. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് പ്രയാഗ് രാജ് ജില്ലാ കോടതി നോട്ടീസ് അയച്ചു. ജില്ലാ ജഡ്ജി നളിന്‍ കുമാര്‍ വാസ്തവയാണ് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടത്.

കഴിഞ്ഞ വര്‍ഷം ദീപാവലിക്ക് കശ്മീരില്‍ സൈനികരെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ ഇന്ത്യന്‍ ആര്‍മിയുടെ വേഷം ധരിച്ചതിനാണ് കോടതി നോട്ടീസയച്ചത്. സൈനികരല്ലാത്തവര്‍ സൈനികരുടെ വേഷമോ ടോക്കണ്‍ അടക്കമുള്ള ചിഹ്നങ്ങളോ ധരിക്കുന്നത് കുറ്റകരമാണ് എന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ രാകേഷ് നാഥ് പാണ്ഡെ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജിയെ തുടര്‍ന്നാണ് കോടതി മോദിക്ക് നോട്ടീസ് അയച്ചത്.

ഐ.പി.സി സെക്ഷന്‍ 140 പ്രകാരം ഇത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഇതി സംബന്ധിച്ച് കഴിഞ്ഞ ഡിസംബറില്‍ പാണ്ഡെ നല്‍കിയ ഹര്‍ജി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഹരേന്ദ്ര നാഥ് തള്ളിയിരുന്നു. ഈ വിഷയം കോടതിയുടെ അധികാരപരിധിക്ക് പുറത്തുള്ളതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. ഇതേ തുടര്‍ന്നാണ് രാകേഷ് നാഥ് പാണ്ഡെ ജില്ലാ ജഡ്ജിയെ സമീപിച്ചത്.

2016 മുതല്‍ മോദി സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്നുണ്ട്. 2017 മുതലാണ് സൈനിക വേഷത്തില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്.