'യു.പി.എ കാലത്ത് ഇന്നത്തെ ഒരു സിലിണ്ടറിന്റെ വിലയ്ക്ക് രണ്ടെണ്ണം കിട്ടുമായിരുന്നു'; വിമര്‍ശനവുമായി രാഹുല്‍ഗാന്ധി

 

ഇന്നത്തെ വിലയ്ക്ക് യു.പി.എ കാലത്ത് ഗ്യാസ് സിലിണ്ടര്‍ രണ്ടെണ്ണം ലഭിക്കുമായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. എല്‍.പി.ജി സിലിണ്ടറിന്റെ വിലവര്‍ധനവും സബ്സിഡി പിന്‍വലിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

രണ്ട് സര്‍ക്കാരുകളും പാചകവാതക സിലിണ്ടറിന് നല്‍കുന്ന സബ്‌സിഡിയുടെ കണക്കുകള്‍ ചൂണ്ടിക്കാണിച്ചാണ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പ്രതികരിച്ചത്. കോണ്‍ഗ്രസ് ഗവണ്‍മെന്റിന് മാത്രമേ ദരിദ്രരും ഇടത്തരക്കാരുമായ ഇന്ത്യന്‍ കുടുംബങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂ. അതാണ് കോണ്‍ഗ്രസിന്റെ സാമ്പത്തിക നയമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് ദരിദ്രര്‍ക്കും മധ്യവര്‍ഗ ഇന്ത്യന്‍ കുടുംബങ്ങള്‍ക്കുമായാണ് ഭരിച്ചതെന്നും അതാണ് നമ്മുടെ സാമ്പത്തിക നയത്തിന്റെ കാതലെന്നും അദ്ദേഹം പറഞ്ഞു.

2014 ല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാര്‍ പാചകവാതകത്തിന് 827 രൂപ സബ്‌സിഡി നല്‍കിയിരുന്നു. സബ്‌സിഡി കുറഞ്ഞ് 410 രൂപക്കാണ് അന്ന് ഉപഭോക്താക്കള്‍ക്ക് പാചകവാതകം ലഭിച്ചിരുന്നത്. ഇപ്പോള്‍ സബ്‌സിഡിയില്ല.