'ഹിന്ദിയെ എതിര്‍ക്കുന്നില്ല, ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെയാണ് എതിര്‍ക്കുന്നത്' : സ്റ്റാലിന്‍

ഹിന്ദി ഭാഷയെ എതിര്‍ക്കുന്നില്ലെന്നും, ഹിന്ദി അടിച്ചേല്‍പ്പിക്കുന്ന രീതിയെ മാത്രമാണ് എതിര്‍ക്കുന്നതെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഹിന്ദിക്ക് മാത്രമല്ല, ഒരു ഭാഷയ്ക്കും തങ്ങള്‍ എതിരല്ല. തമിഴിനോട് താല്‍പ്പര്യമുണ്ട് എന്നതിനര്‍ത്ഥം മറ്റൊരു ഭാഷയെ വെറുക്കുന്നു എന്നല്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. മോഴിപോര്‍ (ഭാഷയുടെ യുദ്ധം) എന്ന പേരില്‍ ചെന്നൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദി ഔദ്യോഗിക ഭാഷയായി അടിച്ചേല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതിനെ ആധിപത്യത്തിന്റെ പ്രതീകമായാണ് കണക്കാക്കുന്നത്. ഒരു മതം മാത്രം മതിയെന്ന് ആഗ്രഹിക്കുന്നത് പോലെ, ഒരു ഭാഷ മാത്രമേ ഉണ്ടാകാവൂ എന്നാണ് അവര്‍ കരുതുന്നത്. ഹിന്ദി സംസാരിക്കുന്ന ആളുകളെ എല്ലാ വകുപ്പുകളിലും കൊണ്ടുവന്ന് ഹിന്ദി സംസാരിക്കാത്തവരെ രണ്ടാം തരം പൗരന്‍മാരായി താഴ്ത്തി കാണിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

തമിഴ് എന്ന് പറഞ്ഞതുകൊണ്ട് ഇടുങ്ങിയ ചിന്താഗതിക്കാരെന്ന് അര്‍ത്ഥമില്ല. ഒരു ഭാഷ പഠിക്കുക എന്നത് ഒരു വ്യക്തിയുടെ താല്‍പ്പര്യമായി വരണമെന്നും അത് ഒരിക്കലും അടിച്ചേല്‍പ്പിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. മാതൃഭാഷയെ മാറ്റി ഹിന്ദി ഭാഷ അവരോധിക്കാനുള്ള ശ്രമങ്ങളെയാണ് എതിര്‍ക്കുന്നതെന്ന് സ്റ്റാലിന്‍ വ്യക്തമാക്കി.

”ഒരാളുടെ മാതൃഭാഷ ഹിന്ദി ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു, ഇതിനെയാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്. അവര്‍ക്ക് തമിഴും തമിഴ്‌നാടും കയ്‌പേറിയതായി തോന്നുന്നു.” സ്റ്റാലിന്‍ കുറ്റപ്പെടുത്തി.

അതേസമയം ഡല്‍ഹിയിലെ റിപ്പബ്ലിക് ദിന പരേഡില്‍ തമിഴ്നാടിന്റെ ടാബ്ലോ നിരസിച്ച കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച മുഖ്യമന്ത്രി ഇത് ബോധപൂര്‍വം ചെയ്തതാണെന്നും ആരോപിച്ചു. ടാബ്ലോ ചെന്നൈയില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ പ്രദര്‍ശിപ്പിച്ചു. തമിഴ്നാട്ടിലെ എല്ലാ പ്രധാന നഗരങ്ങളിലും പൊതുജനങ്ങള്‍ക്കായി ടാബ്ലോ പ്രദര്‍ശിപ്പിക്കുമെന്നും സ്റ്റാലിന്‍ പൗരന്മാര്‍ക്ക് ഉറപ്പ് നല്‍കി.