യു.പി ഭവന്റെ പുറത്ത് സാധാരണ യാത്രക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തതായി ആരോപണം; 357 പൗരത്വ പ്രതിഷേധക്കാരെ വിട്ടയച്ചു

ഡൽഹിയിലെ ഉത്തർപ്രദേശ് ഭവന്റെ പുറത്ത് കസ്റ്റഡിയിൽ എടുത്ത 357 പൗരത്വ പ്രതിഷേധക്കാരെ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ നിന്ന് മോചിപ്പിച്ചു.

“ഇന്ന് യു.പി ഭവന്റെ പറത്ത് ഒരു പ്രതിഷേധം നടന്നു. സെക്ഷൻ 144 സിആർ‌പി‌സി ഉത്തരവ് ലംഘിച്ചാണ് പ്രതിഷേധം നടത്തിയത്‌ അനുമതിയില്ലാത്തതിനാൽ പ്രതിഷേധം നടത്തരുതെന്ന് അവരോട് ആവശ്യപ്പെട്ടു. പ്രതിഷേധക്കാർ പൊലീസിന്റെ നിർദ്ദേശങ്ങൾ പാലിക്കാതെ വന്നപ്പോൾ 357 പ്രതിഷേധക്കാരെ (282 പുരുഷന്മാരും 75 സ്ത്രീകളും) കസ്റ്റഡിയിൽ എടുത്തു മന്ദിർ മാർഗിലേക്കും കൊണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷനുകളിലേക്കും കൊണ്ടുപോയി. പിന്നീട് ഇവരെ വിട്ടയച്ചു, ” പൊലീസ് വൃത്തങ്ങൾ അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

അതേസമയം യു.പി ഭവന് സമീപമുള്ള കാറുകൾ, ഓട്ടോകൾ, മെട്രോകൾ എന്നിവയിൽ നിന്ന് അമ്പതിലധികം പേരെ ബാഡ്ജുകളില്ലാതെ വന്ന പൊലീസുകാർ കസ്റ്റഡിയിൽ എടുത്തെന്നും മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലേക്ക് അയച്ചു എന്നും ആരോപണം ഉണ്ട്. ഇതിൽ മിക്കവരും പൗരത്വ നിയമത്തിനെതിരായി പ്രതിഷേധിക്കാൻ വന്നവരല്ലെന്നും അവർ യു.പി ഭവനിലേക്ക് പോവുകയല്ലായിരുന്നു എന്നുമാണ് ആരോപണം.