സ്കൂളിലെ ശുചിമുറിയില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് രണ്ടാം ക്‌ളാസുകാരിയുടെ പരാതി. കര്‍ണാടകയിലെ മാണ്ഡ്യയിലാണ് സംഭവം. പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയില്‍ രണ്ട് ആണ്‍കുട്ടികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് മാണ്ഡ്യ പൊലീസ് കേസെടുത്തത്.
കേക്ക് നല്‍കാമെന്ന് പ്രലോഭിപ്പിച്ച് സഹപാഠിയായ ആണ്‍കുട്ടി ശുചിമുറിയില്‍ കൊണ്ടുപോയെന്നും ഒപ്പമുണ്ടായിരുന്ന ആണ്‍കുട്ടികള്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി വസ്ത്രം അഴിപ്പിച്ചുവെന്നും തുടര്‍ന്ന് സ്വകാര്യഭാഗത്ത് കമ്പ് കുത്തിക്കയറ്റിയെന്നും മര്‍ദിച്ചെന്നുമാണ് കുട്ടിയുടെ മൊഴി. സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പറയുന്നു. വീട്ടിലെത്തിയ കുട്ടി അമ്മയോട് കാര്യങ്ങള്‍ പറഞ്ഞതോടെ വീട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.
സ്കൂളിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. എന്നാല്‍, വൈദ്യ പരിശോധനയില്‍ കുട്ടിയുടെ സ്വകാര്യഭാഗത്ത് മുറിവുകള്‍ കണ്ടെത്താനായില്ല. അതിക്രമം ഉണ്ടായ ദിവസം പ്രതിയെന്ന് ആരോപിക്കപ്പെടുന്ന കുട്ടികളിലൊരാള്‍ സ്കൂളില്‍ വന്നിട്ടില്ലെന്നും പൊലീസ് പറയുന്നു. ഇക്കാര്യങ്ങള്‍ വിശദമായി അന്വേഷിച്ച് വരിയാണെന്നും കുട്ടിയുടെ മൊഴിയില്‍ ചില വൈരുധ്യങ്ങളുണ്ടെന്നും പൊലീസ് വ്യക്തമാക്കി.