ബി.ജെ.പിയിലും 'കുടുംബ വാഴ്ച'; അരുണാചല്‍ പ്രദേശില്‍ മന്ത്രിമാരടക്കം 25 നേതാക്കള്‍ പാര്‍ട്ടി വിട്ടു, മുഖ്യമന്ത്രിയുടെ വീട്ടില്‍ മാത്രം മൂന്ന് സീറ്റ് നല്‍കിയെന്ന് ആരോപണം

കൂടുംബ വാഴ്ചയെ മുട്ടിന് മുട്ടിന് കുറ്റം പറയുന്ന ബിജെപി സ്വന്തം കാര്യം വരുമ്പോള്‍ ഇത് മറക്കുമെന്ന് അരുണാചല്‍ പ്രദേശില്‍ പാര്‍ട്ടി വിട്ട ആഭ്യന്തരമന്ത്രി കുമാര്‍ വാലി ആരോപിച്ചു. തിരഞ്ഞെടുപ്പ് വാതില്‍ക്കലെത്തി നില്‍ക്കെ രണ്ട് മന്ത്രിമാരും ആറ് എം എല്‍ എ മാരുമടക്കം 18 ബിജെപി നേതാക്കളാണ് അരുണാചല്‍ പ്രദേശില്‍ മാത്രം പാര്‍ട്ടി വിട്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭയിലേക്കുള്ള പോളിംഗും ഒരുമിച്ച് നടക്കുന്ന അരുണാചലില്‍ സീറ്റ് നിഷേധിച്ചെന്ന് ആരോപിച്ചാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ 25 പാര്‍ട്ടി നേതാക്കള്‍ ബിജെപി വിട്ടത്.ഇത് ബിജെപിയുടെ വടക്ക് കിഴക്കന്‍ സ്വപ്‌നങ്ങളില്‍ വിള്ളല്‍ വീഴ്ത്തും. കുടുംബ വാഴ്ചയുടെ പേരില്‍ കോണ്‍ഗ്രസിനെ കുറ്റം പറയുന്ന ബിജെപി, മുഖ്യമന്ത്രിയുടെ കുടുംബത്തിലെ മൂന്ന് പേര്‍ക്കാണ് സീറ്റ് നല്‍കുന്നതെന്ന് വാലി ആരോപിച്ചു. വാലിയോടൊപ്പം ടൂറിസം മന്ത്രി ജര്‍ക്കര്‍ ഗംളിന്‍, ബിജെപി ജനറല്‍ സെക്രട്ടറി ജര്‍പും ഗാംബിന്‍ കൂടാതം ആറ് നിയമസഭാംഗങ്ങളും പാര്‍ട്ടി വിട്ടവരില്‍ പെടുന്നു. ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ ചേരുമെന്നും തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും പാര്‍ട്ടി വിട്ടവര്‍ പറയുന്നു.