​ഗുജറാത്ത് ​തുറമുഖത്ത് നിന്നും 2,000 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി

ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്ന്‌ 2,000 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് പിടികൂടി. ലോകത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന്‌ വേട്ടകളിൽ ഒന്നാണിത്‌. അഫ്ഗാനിസ്ഥാനിൽ നിന്നും രണ്ട്‌ കണ്ടെയ്‌നറിലായി കടത്താൻ ശ്രമിച്ച മയക്കുമരുന്നാണ്‌ ഡയറക്ടറേറ്റ്‌ ഓഫ്‌ റവന്യൂ ഇന്റലിജൻസ്‌ (ഡിആർഐ) പിടികൂടിയത്‌.

ആദ്യ കണ്ടെയ്‌നറിൽ 1,999.58 കിലോയും രണ്ടാമത്തെ കണ്ടെയ്‌നറിൽ 988.64 കിലോയുമാണ് കണ്ടെത്തിയത്‌. ഗാന്ധിനഗറിൽനിന്നുള്ള ഫോറൻസിക്‌ വിദഗ്‌ധർ കണ്ടെയ്‌നറുകളിൽ നടത്തിയ പരിശോധനയിൽ മയക്കുമരുന്നാണെന്ന്‌ സ്ഥിരീകരിച്ചു. ടാൽക്കം പൗഡറെന്ന പേരിൽ എത്തിച്ച മയക്കുമരുന്നിന്റെ സാമ്പിൾ പരിശോധിച്ചപ്പോൾ അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 2,000 കോടി രൂപ വിലമതിക്കുന്ന ഹെറോയിന്റെ സാന്നിധ്യമാണ് സ്ഥിരീകരിച്ചത്.

ഇന്ത്യയിലേക്ക് കടത്തിയിരുന്ന മരുന്നിന്റെ കൃത്യമായ മൂല്യം കണ്ടെത്തുന്നതിനായി ഡിആർഐ ഉദ്യോഗസ്ഥർ ടാൽക്കം പൗഡറിൽ നിന്ന് ഹെറോയിൻ വേർതിരിക്കാനുള്ള ശ്രമത്തിലാണ്. സംഭവത്തിൽ അഫ്‌ഗാൻ പൗരൻമാരുടെ പങ്ക് അന്വേഷിക്കുന്നുണ്ട്‌. അഫ്‌ഗാനിസ്ഥാനിൽനിന്നുള്ള ടാൽക്ക്‌ സ്‌റ്റോൺ പൊടിയെന്ന വ്യാജേന മയക്കുമരുന്ന്‌ കടത്താനായിരുന്നു ശ്രമം.

ആന്ധ്രപ്രദേശിലെ വിജയവാഡയിലുള്ള ആഷി ട്രേഡിങ് കമ്പനിയാണ്‌ കണ്ടെയ്‌നർ ഇറക്കുമതി ചെയ്തത്‌. ഇറാനിലെ ബൻഡാർ അബ്ബാസ്‌ തുറമുഖത്തുനിന്നാണ്‌ ഇവ പുറപ്പെട്ടത്‌. രഹസ്യാന്വേഷണ ഏജൻസികൾ ഇപ്പോൾ ഈ മയക്കുമരുന്ന് കടത്ത് റാക്കറ്റിന്റെ ഉറവിടത്തിന്റെ അന്വേഷണത്തിലാണ്.