പത്തിന് പത്ത് തികഞ്ഞു; ഇനി 20; പുതിയ നാണയത്തെ കുറിച്ച് അറിയേണ്ടതെല്ലാം

പത്ത് രൂപ നാണയം അവതരിപ്പിച്ച് പത്ത് വര്‍ഷത്തിന് ശേഷം 20 രൂപ കോയിന്‍ വിനിമയത്തിന് എത്തിക്കാനൊരുങ്ങി ധനകാര്യ മന്ത്രാലയം. 12 മൂലകളുള്ള നാണയമായാണ് 20 രൂപ കോയിന്‍ പുറത്തിറക്കുന്നത്. 27 മില്ലീമീറ്റര്‍ വ്യാസവും 8.5 ഗ്രാം ഭാരവുമുണ്ടാകും. ധനകാര്യ മന്ത്രായത്തിന്റെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. 65 ശതമാനം ചെമ്പും 15 ശതമാനം സിങ്കും 20 ശതമാനം നിക്കലും ചേര്‍ത്താണ് നിര്‍മാണം.

1,2,5,10,20 രൂപാ നാണയങ്ങളുടെ പുതിയ പതിപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. 20 രൂപയുടേത് ഒഴികെ ബാക്കിയുള്ള പുതിയ നാണയങ്ങള്‍ എല്ലാം വൃത്താകൃതിയിലുള്ളതാണ്.

നാണയത്തിന്റെ മുഖം അശോകസ്തംഭത്തിലെ ലയണ്‍ കാപ്പിറ്റോള്‍ ആയിരിക്കും. താഴെ “സത്യമേവ ജയതേ” എന്നും എഴുതിയിരിക്കും. ഇടതുഭാഗത്തായി “ഭാരത്” എന്ന് ഹിന്ദിയിലും വലതുഭാഗത്ത് “ഇന്ത്യ” എന്ന് ഇംഗ്ലീഷിലും അടയാളപ്പെടുത്തിയിരിക്കും.

നാണയത്തിന്റെ മുഖഭാഗത്ത് “20” എന്ന് അടയാളപ്പെടുത്തിയിട്ടുണ്ടാകും.

20 രൂപ എന്നെഴുതിയതിന്റെ മുകളിലാകും രൂപാ ചിഹ്നം.

രാജ്യത്തിന്റെ കാര്‍ഷിക പൈതൃകം പ്രകടമാക്കുന്ന ധാന്യങ്ങളുടെ രൂപരേഖ നാണയത്തിന്റെ ഇടതുവശത്തായി കാണാം.