എയര്‍ ഇന്ത്യ വിമാനങ്ങള്‍ ആകാശച്ചുഴിയില്‍പെട്ടു

ഈയാഴ്ച രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍  ആകാശച്ചുഴിയില്‍പെട്ടു.കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പറന്ന എയര്‍ ഇന്ത്യയുടെ ഫ്‌ലൈറ്റ് എഐ 048 വിമാനമാണ് ആകാശച്ചുഴിയില്‍ അകപ്പെട്ട ഒരു വിമാനം. 172 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തെത്തി അവിടുന്ന് കൊച്ചിയിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്.

യാത്രക്കാര്‍ക്ക് ചെറിയ പരിക്കുകള്‍ പറ്റിയെങ്കിലും വിമാനം സുരക്ഷിതമായി ഇറങ്ങിയെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.അതിവേഗം താഴെയിറക്കിയതിനാല്‍ വിമാനത്തിന് ചെറിയ തോതില്‍ കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇതേതുടര്‍ന്ന് മടക്കയാത്ര നടത്തേണ്ട വിമാനം നാലു മണിക്കൂര്‍ വൈകുകയും ചെയ്തു. വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് എയര്‍ ഇന്ത്യ സുരക്ഷ വിഭാഗം അറിയിച്ചു.

ദില്ലിയില്‍ നിന്ന് വിജയവാഡയിലേക്കുള്ള മറ്റൊരു എയര്‍ ഇന്ത്യ വിമാനം സെപ്റ്റംബര്‍ 17 നാണ് പ്രക്ഷുബ്ധമായത്. ഇടിമിന്നലില്‍ വീണ എയര്‍ബസ് എ 320 വിമാനത്തിന് നാശനഷ്ടമുണ്ടായപ്പോള്‍ ക്യാബിന്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.വിമാനത്തിന് സംഭവിച്ച നാശത്തിന്റെ വ്യാപ്തി സോഷ്യല്‍ മീഡിയയിലെ ഫോട്ടോകള്‍ വെളിപ്പെടുത്തുന്നു. ഒരു ഫോട്ടോയില്‍, ക്രൂ അംഗങ്ങളെ പരിശോധിക്കുന്നത് കാണാം, മറ്റൊന്നില്‍ ഭക്ഷണ ട്രേകള്‍ ഇടനാഴിയില്‍ ചിതറിക്കിടക്കുന്നതായി കാണാം.

ഇക്കാര്യത്തില്‍ എയര്‍ ഇന്ത്യ അന്വേഷണം ആരംഭിച്ചതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.