മുൻ മുഖ്യമന്ത്രി, രണ്ട് മുൻ ഉപമുഖ്യമന്ത്രിമാർ; യെദ്യൂരപ്പ മന്ത്രിസഭയിൽ 17 പുതിയ അംഗങ്ങൾ

മൂന്നാഴ്ചക്കാലത്തെ വൺ മാൻ ഷോയ്ക്ക് ശേഷം കർണാടകത്തിൽ മുഖ്യമന്ത്രി യെദ്യൂരപ്പ മന്ത്രിസഭ വികസിപ്പിച്ചു. 17 പുതിയ മന്ത്രിമാർ ഇന്ന് രാവിലെ ഗവർണർ വാജുഭായ് വാലയ്ക്ക് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. 15 എം എൽ എമാർക്ക് പുറമെ എം എൽ സി ആയ കോട്ട ശ്രീനിവാസ പൂജാരി, ഒരു സഭയിലേക്കും തിരഞ്ഞെടുക്കപ്പെടാത്ത ലക്ഷ്മൺ സാവാദി എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ സത്യപ്രതിജ്ഞ ചെയ്തവരുടെ കൂട്ടത്തിലുണ്ട് എന്നതാണ് എടുത്തു പറയത്തക്ക പ്രത്യേകത. മുൻ ഉപമുഖ്യ മന്ത്രിമാരായ ആർ അശോക്, കെ എസ് ഈശ്വരപ്പ എന്നിവരും പുതിയ മന്ത്രിമാരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു.

Read more

കോൺഗ്രസ് – ജെ ഡി എസ് മന്ത്രിസഭയെ അട്ടിമറിച്ച് ജൂലൈ 26- നാണ് ബി എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. കാശ്മീർ, പ്രശ്നവും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്കവും കാരണം മന്ത്രിമാരുടെ ലിസ്റ്റിന് ബി ജെ പി കേന്ദ്ര നേതൃത്വം അംഗീകാരം നല്‍കാതിരുന്നതാണ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ വൈകിപ്പിച്ചത്.