താലിബാനെ പിന്തുണച്ച് സോഷ്യൽ മീഡയിൽ പോസ്റ്റ്; അസമിൽ 14 പേർക്കെതിരെ യുഎപിഎ ചുമത്തി

അഫ്ഗാനിസ്ഥാൻ ഭരണം താലിബാൻ പിടിച്ചെടുത്തതിന് പിന്നാലെ സോഷ്യൽ മീഡിയവഴി താലിബാനെ പിന്തുണച്ചെന്ന് ആരോപിച്ച് അസമിൽ നിന്ന് 14 പേരെ അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച രാത്രി മുതലാണ് ഇവർ അറസ്റ്റിലായതെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) തടയുന്ന ആക്ട്, ഐ.ടി ആക്ട്, സി.ആർ.പി.സി എന്നിവയുടെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും പൊലീസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു.

ദേശീയ സുരക്ഷയ്ക്ക് ഹാനികരമായ രീതിയിൽ സോഷ്യൽ മീഡിയയിൽ താലിബാൻ അനുകൂല പരാമർശങ്ങൾ ഇട്ടാല്‍ അസം പോലീസ് കർശന നിയമനടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ വയലറ്റ് ബറുവ പറഞ്ഞു.

ഇത്തരക്കാർക്കെതിരെ ഞങ്ങൾ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യുമെന്നും ഇത്തരം പോസ്റ്റുകൾ നിങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ ദയവായി പോലീസിനെ അറിയിക്കുകയെന്നും അവർ ട്വീറ്റ് ചെയ്തു.