ഇംഫാലില്‍ സൈനിക ക്യാമ്പിൽ മണ്ണിടിഞ്ഞു; 13 മരണം, കാണാതായവർക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കുന്നു

മണിപ്പൂരിലെ ഇംഫാലില്‍ സൈനിക ക്യാമ്പിലുണ്ടായ കനത്ത മണ്ണിടിച്ചിലില്‍ 13 പേർ മരിച്ചു. അപകടത്തിൽ കാണാതായ 50 പേർക്കു വേണ്ടി തിരച്ചിൽ തുടരുന്നു. ഏഴു സൈനികരും ഒരു റെയിൽവേ തൊഴിലാളിയുമടക്കമുള്ളവരാണ് മരിച്ചത്.  മണിപ്പൂരിലെ നോനെ ജില്ലയിലെ 107 ടെറിട്ടോറിയൽ സൈനിക ക്യാമ്പിലാണ് ഇന്നലെ രാവിലെ മണ്ണിടിച്ചിലുണ്ടായത്. അപകടത്തിൽ നിന്ന്  13 പേരെ രക്ഷപ്പെടുത്തിയിരുന്നു.

നിരവധി ആളുകള്‍ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ടുപുൾ റയിൽവേ സ്റ്റേഷന് സമീപം ജിരിബാം- ഇംഫാൽ റയിൽപാത നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്നവരും സുരക്ഷ നൽകാൻ എത്തിയ ടെറിട്ടോറിയൽ ആർമി ഉദ്യോഗസ്ഥരുമാണ് അപകടത്തിൽപ്പെട്ടത്.

ശക്തമായ മഴയിൽ മല ഇടിഞ്ഞുവീഴുകയായിരുന്നു. ശക്തമായ മഴ ഉണ്ടായിരുന്നതിനാൽ രക്ഷാപ്രവർത്തനത്തിന് തടസ്സമായി, കരസേനയും അസം റൈഫിൾസും ദേശീയ ദുരന്തനിവാരണ സേനയും രക്ഷാപ്രവർത്തനം തുടരുകയാണ്. അതേസമയം മഴ രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നതായി സൈന്യം അറിയിച്ചു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഇസായി നദിയുടെ ഒഴുക്ക് തടസ്സപ്പെട്ടതും ഭീഷണിയായി മാറിയിട്ടുണ്ട്.

ഉത്തരേന്ത്യയിൽ മഴക്കെടുതികൾ രൂക്ഷമാകുകയാണ്. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ ശക്തമായ മഴയിൽ റോഡുകൾ അടക്കം ഒലിച്ചുപോയി. ബിഹാറിൽ പട്‌നയിലും ഡൽഹിയിലും ശക്തമായ മഴയുണ്ട്. റോഡിൽ വെള്ളം നിറഞ്ഞത്തോടെ ഗതാഗത തടസ്സപ്പെട്ടു. ഡൽഹിയിൽ കാലവർഷം എത്തിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.